റവന്യൂവകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ റവന്യൂ മിത്രം

post

തിരുവനന്തപുരം:   റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം 'റവന്യൂ മിത്രം' പോര്‍ട്ടല്‍ നിലവില്‍വന്നു. ഒരാള്‍ക്ക് അയാളെ സംബന്ധിക്കുന്നതോ മറ്റൊരാള്‍ക്കു വേണ്ടിയോ പരാതികള്‍ mitram.revenue.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നല്‍കാം. അതിന്റെ മറുപടി ഓണ്‍ലൈനായിത്തന്നെ ലഭ്യമാക്കും. റവന്യൂമന്ത്രിക്കുള്‍പ്പെടെ എല്ലാ പരാതികളും ഇതുവഴി നല്‍കാം. ഓരോഘട്ടത്തിലും പരാതിക്കാരന് എസ്.എം.എസ്. വഴി വിവരം ലഭിക്കും. പരാതിയുടെ നിലവിലെ സ്ഥിതി, ഓരോ ഓഫീസുകളിലും സ്വീകരിച്ച നടപടി, നടപടിക്ക് എടുത്ത സമയം തുടങ്ങി എല്ലാ വിവരങ്ങളും സുതാര്യമായി പരാതി അയച്ച ആളിനും റവന്യൂമന്ത്രിയുടെ ഓഫീസിനും റവന്യൂവകുപ്പിന്റെ മറ്റേത് ഓഫീസിനും കൃത്യമായി അറിയാനാവും. സംസ്ഥാനത്തെ എല്ലാ റവന്യൂഓഫീസുകളും ഈ സംവിധാനത്തിന്റെ ഭാഗമാണ്.മൊബൈല്‍ നമ്പര്‍ നല്‍കിയാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതേ നമ്പറായിരിക്കും യൂസര്‍ നെയിം. പരാതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ പിന്‍നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പോര്‍ട്ടല്‍വഴി മന്ത്രിക്ക് അവലോകനം ചെയ്യാനാകും. ഉന്നതോദ്യോഗസ്ഥരും പരാതികള്‍ വിശകലനം ചെയ്യും.ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പരും നല്‍കി ലോഗിന്‍ ചെയ്യുന്നവര്‍ക്കാണ് മിത്രം (മിനിസ്റ്റേഴ്‌സ് ഇന്ററാക്ടീവ് ട്രാന്‍സ്പരന്റ് റിഡ്രസല്‍ ആന്‍ഡ് അസിസ്റ്റന്‍സ് മിഷന്‍) ഉപയോഗിക്കാനാവുക. 

വീഡിയോ കാണാം https://www.facebook.com/keralainformation/videos/555406388382556/?epa=SEARCH_BOX