മുഖം മിനുങ്ങി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം

post

കാസര്‍ഗോഡ് : അടിമുടി മാറി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കളക്ടറേറ്റ് പരിസരത്തുള്ള കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങള്‍ ശുചീകരിച്ചുകൊണ്ടായിരുന്നു കളക്ടറേറ്റിന്റെ മുഖം മിനുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ സ്ഥലത്തിനും അനുയോജ്യമായ പൂച്ചെടികള്‍ നട്ട് പരിപാലിക്കാനുള്ള ചുമതല വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതോടെ ഇന്ന് പൂക്കളാല്‍ സമ്പന്നമായി കളക്ടറേറ്റ് പരിസരം മാറി.

ഓപ്പണ്‍ ജിമ്മും പിന്നെ റോളര്‍ സ്‌കേറ്റിങ്ങും

കളക്ടറേറ്റിനകത്തെ ഒരു ഭാഗം ഓപ്പണ്‍ ജിമ്മിനായി വിട്ടു നല്‍കി. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ആര്‍ദ്രം ജിം ഇന്ന് നിരവധി നാട്ടുകാരും വിദ്യാര്‍ത്ഥികളും വ്യായാമം ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. പൊതു ഇടങ്ങള്‍ വിപുലീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി ആര്‍ദ്രം ജിം വിപുലീകരിക്കാനും തിരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറയുന്നു.

നായമ്മാര്‍ മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ മുതല്‍ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാത റോളര്‍ സ്‌കേറ്റിങ് പരിശീലന സൗകര്യത്തോടെ മിനുക്കിയെടുക്കുകയാണ് അടുത്ത ലക്ഷ്യം.  ഇതിന് മുന്നോടിയായി നവീകരിക്കുന്ന പാതയുടെ അരികുകളില്‍ ഞായറാഴ്ച തണല്‍ വിരിക്കാന്‍ അശോക മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളില്‍ ഇന്റര്‍ലോക്ക് പാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സ്‌കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.


കളക്ടറേറ്റില്‍ തലയുയര്‍ത്തി ഗാന്ധിജി

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിന വാര്‍ഷികാഘോഷ വേളയിലാണ് കളക്ടറേറ്റ് മുറ്റത്ത് മഹാത്മജിയുടെ പൂര്‍ണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത്. ജില്ലാ ഭരണസിരാകേന്ദ്രത്തിന് അര്‍ഹിക്കുന്ന പ്രൗഢിയും ഔന്നിത്യവും നല്‍കുന്നതിനായാണ് കളക്ടറേറ്റ് മുറ്റത്ത് മഹാത്മഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചത്.  22 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച പ്രതിമ ഉണ്ണി കാനായിയാണ് രൂപകല്‍പന ചെയ്തത്.

കളക്ടറേറ്റിന് മുന്നില്‍ സര്‍ക്കാര്‍ മുദ്ര സ്ഥാപിച്ചതോടെ കൂടുതല്‍ ആകര്‍ഷകമായി.  പ്രധാന കെട്ടിടത്തിലെ കൊടിമരത്തോട് ചേര്‍ന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും ഇടയിലായാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. എട്ട് അടി വീതിയിലും അഞ്ച് അടി നീളത്തിലുമാണ് കേരള സര്‍ക്കാരിന്റെ മുദ്ര തയ്യാറാക്കിയത്. കെട്ടിടവും പരിസരവും മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ആശയത്തില്‍ നിന്നുമാണ് ക്ലോക്ക് ടവര്‍ ഉള്‍പ്പെടെ യാഥാര്‍ഥ്യമായത്.