സ്വാന്തനമായി കുടുംബശ്രീയുടെ 'കെ ഫോർ കെയർ' പദ്ധതി

post

സ്വാന്തന പരിപാല രംഗത്തെ വയോജ പരിപാലനം, രോഗി പരിപാലനം, ബേബി സിറ്റിംഗ്, പാലിയേറ്റ്‌ കെയർ എന്നി മേഖലയിൽ സേവനം നൽകുന്നതിനായി കൂടുംബശ്രി ആരംഭിച്ച പദ്ധതിയാണ് 'കെ ഫോർ കെയർ'. സംരംഭ മാതൃകയിലാണ് പദ്ധതി പ്രവർത്തനം.

2018 ൽ ഹർഷം എന്ന പേരിൽ ജെറിയാട്രിക് കെയർ എക്സിക്യൂട്ടീവുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. അതിന്റെ രണ്ടാംഘട്ടം എന്ന നിലയ്ക്കാണ് കെ ഫോർ കെയർ പദ്ധതി കുടുംബശ്രീ ആരംഭിച്ചത്. വിവിധ വയോജന സേവനങ്ങൾ, വീടുകളിൽ നിശ്ചിത ദിവസം നിന്ന് പരിപാലനം നൽകൽ, രോഗികൾക്ക് കൂട്ടായി ഹോസ്പിറ്റലിൽ പരിചരണം, ഒറ്റപ്പെട്ടു കഴിയുന്ന ഗുണഭോക്താക്കൾക്ക് വിവിധ ഗാർഹിക സേവനങ്ങൾ നൽകൽ, ആവശ്യ മരുന്നുകൾ, ആഹാരം എന്നിവ വീടുകളിൽ എത്തിക്കൽ, ഓൺലൈൻ സേവനങ്ങൾ നൽകൽ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ മെഡിക്കൽ ചെക്കപ്പ് , പകൽ വീടുകളുടെ നടത്തിപ്പ്, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയ സേവനങ്ങൾ കെർ ഫോർ കെയറിലൂടെ നൽകും.

'കെ ഫോർ കെയർ' പദ്ധതിയുടെ കാസർഗോഡ് ജില്ലാതല പരിശീലന ഉദ്ഘാടനം നടത്തി. കുമ്പള ഡോക്ടർസ് ഹോസ്പിറ്റലിൽ നടന്ന പരിപാടി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 3 ബാച്ചുകളിലായി 90 പരിശീലനാർത്ഥികൾക്ക് പരിശീലനം പൂർത്തിയാക്കും. ആദ്യഘട്ട പരിശീലനത്തിന്റെ ഭാഗമായി യൂണിഫോം ടൂൾ കിറ്റും വിതരണം ചെയ്തു. ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അസി ജില്ലാ കോർഡിനേറ്റർ പി.ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ടി.പി.ആതിര, ലേണിംഗ് അക്കാദമി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഷരീഫ് എന്നിവർ പങ്കെടുത്തു.