അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി

post

തൃശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം കൊടകര ബി ആര്‍ സിയുടെ(ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍) നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ആനപ്പന്തം ശാസ്താംപൂവം ആദിവാസി കോളനിയില്‍ തുടങ്ങിയ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. കാരിക്കടവ് ആദിവാസി കോളനിയിലും പഠന കേന്ദ്രം ആരംഭിച്ചു. വരും ദിവസങ്ങളില്‍ ബിആര്‍സി പരിധിയിലെ ചൊക്കന, നായാട്ടുകുണ്ട് പ്രദേശങ്ങളിലും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ടി വി, മൊബൈല്‍, ടാബ് സൗകര്യം ലഭ്യമല്ലാത്ത 73 വിദ്യാര്‍ത്ഥികള്‍ക്കാണ് അയല്‍പക്ക പഠന കേന്ദ്രങ്ങളുടെ സേവനം ലഭ്യമായത്.

എസ് കെ എച്ച് എസ് മറ്റത്തൂര്‍, പി സി ജി എച്ച് എസ്, ജി യൂ പി എസ് വെള്ളികുളങ്ങര എന്നീ സമീപസ്ഥ വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ബിആര്‍സി അംഗങ്ങളുടെയും സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

ഇനിയും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുറക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നടന്നുപോകാന്‍ കഴിയുന്ന ദൂരത്തിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പഠനകേന്ദ്രത്തില്‍ നടത്തിപ്പുചുമതല ഏറ്റവും അടുത്തുള്ള സ്കൂളിലെ പ്രധാന അധ്യാപകനായിരിക്കും. ഓരോ കേന്ദ്രത്തിനും ആവശ്യമായ അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഇതിനായി വായനശാലകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ അന്തിമ കണക്കെടുത്ത ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ ഒരുക്കും. പഠന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വാര്‍ഡുതല സമിതികളും രൂപീകരിക്കും.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി എ ഇ ഒ പ്രദീപ് കെ വി പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യാ സുധീഷ്,  വാര്‍ഡ് മെമ്പര്‍ ചിത്ര സുരാജ്, ഊരുമൂപ്പന്‍ ഭാസ്കരന്‍, ബിപിഒ നന്ദകുമാര്‍ കെ, ബി ആര്‍ സി കോഡിനേറ്റര്‍ വിന്‍സി ഒ ജെ തുടങ്ങിയവര്‍ പങ്കെടുത്തു.