ഓണത്തിന് തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികളുമായി വയലാറിലെ കാര്‍ഷിക കര്‍മ്മ സേന

post

ആലപ്പുഴ: ഓണനാളില്‍ തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികള്‍ വിപണിയിലെത്തിച്ച് വയലാര്‍ ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മ സേന. പഞ്ചായത്തിലെ കൃഷിഭവന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മ്മ സേനാംഗങ്ങളാണ് ഓണവിപണി ലക്ഷ്യമാക്കി രണ്ടര ഏക്കറില്‍ വിവിധ തരം പച്ചക്കറികള്‍ കൃഷി ചെയ്തത്.

കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിലായി സംഘടിപ്പിച്ച ഓണചന്തയിലേക്ക് 300 കിലോയില്‍ പരം പച്ചക്കറികള്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്. കാര്‍ഷിക കര്‍മ്മ സേനാംഗങ്ങളുടെ ശക്തി ജെ. എല്‍. ജി.യെന്ന സംഘവും പച്ചക്കറി കൃഷിയില്‍ സജീവമാണ്. ശക്തി ജെ. എല്‍. ജി.യുടെ നേതൃത്വത്തില്‍ നടത്തിയ കൃഷിയില്‍ 700 കിലോ പച്ചക്കറിയാണ് വിളവെടുത്തത്. ഇവയും ഓണവിപണിയ്ക്കായി എത്തിച്ചു.

പയര്‍, വെണ്ട, പാവല്‍, പീച്ചിങ്ങ, പടവലം, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. പഞ്ചായത്തിലെ 25 പേരടങ്ങുന്ന കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് പച്ചക്കറി കൃഷി ചെയ്തത്. കര്‍ഷകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ഒപ്പമുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജിയുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. ഓണത്തിന് ശേഷം കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷി വിപുലമാക്കാനുള്ള പദ്ധതികള്‍ നടത്തുമെന്ന് കൃഷി ഓഫീസര്‍ ബി. സാബിര്‍ പറഞ്ഞു.