പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന 'സ്റ്റാര്‍സ്' പദ്ധതിക്ക് തുടക്കമാകുന്നു

post

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന 'സ്റ്റാര്‍സ്'  (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്റ് റിസള്‍ട്ട് ഫോര്‍ സ്റ്റുഡന്റ്സ്) പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങള്‍ക്ക്  കൂടുതല്‍ ദിശാബോധം നല്‍കുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കൊപ്പം നടപ്പിലാക്കാന്‍ കഴിയുന്നതുമായ  പരിപാടികളാണ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്മെന്റ്, തൊഴില്‍നൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

2021-22 അക്കാദമിക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുളള പരിശീലന പരിപാടികളുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് അധ്യക്ഷനായിരുന്നു. അഡീഷണല്‍ ഡി.പി.ഐ സി.ഐ.സന്തോഷ്, എസ്.ഐ.ഇ.ടി ഡയറക്ടര്‍  ബി.അബുരാജ്,  സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍, കൈറ്റ് സി.ഇ.ഒ അന്‍വന്‍ സാദത്ത്, സീമാറ്റ്-കേരള ഡയറക്ടര്‍ ഡോ.എം.എ.ലാല്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ എന്‍.ടി.ശിവരാജന്‍, എ.കെ.സുരേഷ്‌കുമാര്‍, അമുല്‍റോയ്.ആര്‍.പി. തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സി. രാധാകൃഷ്ണന്‍ നായര്‍ പദ്ധതി അവതരണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ തലങ്ങളിലുളള വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.