എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കൂടുതല്‍ ഗ്രൂവല്‍ സെന്ററുകള്‍ തുറക്കും

post

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രുവല്‍ സെന്ററുകള്‍ (കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍) തുറക്കും. താലൂക്കിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തോമസ് കെ. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അധ്യക്ഷനായി. 

നിലവില്‍ 51 ഗ്രുവല്‍ സെന്ററുകളാണ് കുട്ടനാട് താലൂക്കിലുള്ളത്. ദുരിതബാധിതര്‍ക്കെല്ലാം ഭക്ഷണം വിതരണം ചെയ്യുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്‍ അനിവാര്യമാണ്. ദുരിതാശ്വാസ ക്യാമ്പുകളോടനുബന്ധിച്ചും ഗ്രുവല്‍ സെന്ററുകള്‍ തുടങ്ങും. ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പിന്റെ സഹകരണം തേടുമെന്ന് കളക്ടര്‍ പറഞ്ഞു.

പല മേഖലകളിലും ജലവിതരണ പൈപ്പുകള്‍ തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലും വീടുകളിലും ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. നിലവില്‍ ക്യാമ്പുകളില്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ സേവനമുള്ളത്. ദുരിതബാധിത മേഖലകളിലെ വീടുകളില്‍ കഴിയുന്നവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നതിന് മൊബൈല്‍ ടീമുകളെ നിയോഗിക്കും.

എ.സി കനാലിലും വെളിയനാട് പഞ്ചായത്തിലെ നാല്‍പ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരുത്തേല്‍ ചിറ, ആക്കൂത്തറ മേഖലകളില്‍ അടിഞ്ഞിട്ടുള്ള എക്കലും ചെളിയും അടിയന്തരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിനെ ചുമതപ്പെടുത്തി. 

ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. 

കൃഷി നടത്താത്ത പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതന് പാടശേഖര സമിതി പ്രതിനിധികളുടെ യോഗം ചേരും. കനകാശ്ശേരിയിലെ മടയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.