മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും

post

മൂല്യവര്‍ധിത കിഴങ്ങുവിള കേന്ദ്ര സ്ഥാപനം അടൂരില്‍ ആരംഭിക്കാന്‍ നടപടി

പത്തനംതിട്ട: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ  സഹകരണത്തോടെ കിഴങ്ങുവിളകളുടെ ശാസ്ത്രീയ കൃഷിയും  മൂല്യവര്‍ധനയും എന്ന വിഷയത്തില്‍ പറക്കോട് ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട 100 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കര്‍ഷകര്‍ക്ക് പരിശീലനവും കാര്‍ഷിക പ്രദര്‍ശനവും അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പാരിസ്ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തിവരുന്നു. കാര്‍ഷിക മേഖലയില്‍ കിഴങ്ങുവിളകളില്‍ നിന്ന് ഉള്‍പ്പെടെ ന്യൂതനമായ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി ഉല്‍പാദിപ്പിക്കാനും അവയിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനവും വിപണിയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പഴയ തലമുറയില്‍ നിന്നും കൃഷിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറ ശാസ്ത്രീയമായി കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന നിലയുണ്ടാകണം. സര്‍ക്കാര്‍ സംവിധാനം കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പുതുതലമുറയും ആവേശത്തോടെ പങ്കാളികളാകണം. വിഷരഹിത ഭക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.  വ്യത്യസ്ത ഇനം മരച്ചീനിയായ ശ്രീപത്മനാഭയ്ക്ക് വെള്ളം തളിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടൂരില്‍ മൂല്യവര്‍ധിത കിഴങ്ങുവിള കേന്ദ്ര സ്ഥാപനം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.എം.എന്‍ ഷീല പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുതകുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്നും സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ പറഞ്ഞു. 

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ചു. കിഴങ്ങുവിള ശാസ്ത്രീയ കൃഷി എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റായ ഡോ.ജി.സുജയും കിഴങ്ങുവിള മൂല്യവര്‍ധന സാധ്യതകള്‍ വിഷയത്തില്‍ സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ.എസ്.ഷാനവാസും ക്ലാസുകള്‍ നയിച്ചു. കിഴങ്ങുവിള ഇനങ്ങളുടെ സാങ്കേതിക വിദ്യകളുടെയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ നടന്നു. കര്‍ഷകരുമായി കാര്‍ഷിക ശാസ്ത്രജ്ഞര്‍മാര്‍ സംവാദം നടത്തി.

മുന്തിയ ഇനങ്ങളായ മരച്ചീനി ശ്രീരക്ഷ, മധുര കിഴങ്ങ് ഭൂ കൃഷ്ണ, കൂര്‍ക്ക ശ്രീധര, ജൈവകൃഷിക്കായുള്ള ജീവാണു വളമായ പി.ജി.പി.ആര്‍ 1 എന്നിവ കര്‍ഷകര്‍ക്കായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിതരണം ചെയ്തു. 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, പ്രിന്‍സിപ്പല്‍ സയന്റ്‌റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ. ജി ബൈജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, ഡോ.എസ്.എസ് വീണ, സീനിയര്‍ ടെക്നീഷന്‍മാരായ ബി.സതീശന്‍, ഡി.ടി റെജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.