ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി ശബരിമലയില്‍ ആയുര്‍വേദ കേന്ദ്രം സജ്ജം

post

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വൈവിധ്യമാര്‍ന്ന ചികില്‍സകളും മരുന്നുകളുമാണ് ആയുര്‍വേദ വകുപ്പ് സന്നിധാനത്തെയും പമ്പയിലെയും ചികില്‍സാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 14 പേരടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, രണ്ട് തെറാപ്പിസ്റ്റ്, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് വിന്യാസം. നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്.

ഗുളിക, അരിഷ്ടം, ലേഹ്യം, പൊടികള്‍, സിറപ്പ്, പേറ്റന്റുള്ള മരുന്നുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ശരാശി 200 പേര്‍ പ്രതിദിനം ആയുര്‍വേദ ചികില്‍സയ്ക്ക് എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. പനി, തൊണ്ടവേദന, മസില്‍ പെയിന്‍, തോള്‍വേദന, ഗ്യാസ്ട്രബിള്‍, എരിച്ചില്‍, ദഹനക്കേട് തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഭക്തര്‍ ഇവിടെ ആയുര്‍വേദ ചികില്‍സയ്ക്ക് എത്തുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ആശ്രയിക്കുന്നതും ആയുര്‍വേദ ആശുപത്രിയെയാണ്. ഭാരതീയ ചികിത്സാ വകുപ്പും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി തീര്‍ഥാടകര്‍ക്ക് പ്രതിരോധശക്തിക്കുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണം, അപരാജിത ധൂപം എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞു.