ഒറ്റത്തവണ പ്ലാസ്റ്റിക്കിനോട് വിടപറയാന്‍ ഒരുങ്ങി ജില്ല

post

കണ്ണൂര്‍: വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി രൂപം നല്‍കി. ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ബദലായി മറ്റ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും പ്രചാരണവും വര്‍ധിപ്പിക്കുന്നതിന് വ്യാപാരി സംഘടനയുടെ ഭാരവാഹികള്‍, പേപ്പര്‍ ബാഗ്, തുണിസഞ്ചി നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം ജില്ലാ തലത്തില്‍ വിളിച്ച് ചേര്‍ക്കും. പേപ്പര്‍ ബാഗ്, തുണിസഞ്ചി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ നഗരസഭ/ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യാപാരി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15നകം ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. മത്സ്യ-ഇറച്ചി വില്പനശാലകളില്‍ നിന്ന് പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഒഴിവാക്കാനും ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗത്തില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലായിടങ്ങളിലും ഡിസംബര്‍ അഞ്ചിനകം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധിക്കും. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ നിരോധന ബോര്‍ഡുകളും സന്ദര്‍ശകര്‍ പ്ലാസ്റ്റിക്ക് കൊണ്ടു വരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും. 2022 ഫെബ്രുവരി അവസാനം മികച്ച രീതിയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുന്ന നഗര ഗ്രാമ പഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എവര്‍ റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തും.