നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐസിഫോസ് 'ബാക്ക്-ടു-വർക്ക്' റെസിഡൻഷ്യൽ പരിശീലന പരിപാടി

post


*2022 മാർച്ച് 10 ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പരിശീലനം നൽകുന്നു


സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക്  നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 'ഫുൾസ്റ്റാക്ക് ഡവലപ്‌മെന്റി'ൽ (MERN- Stack) ആണ് പരിശീലനം. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ മാർച്ച് 10ന് പരിശീലനം ആരംഭിക്കും. പ്രോഗ്രാമിങ് ഭാഷയിലെ മുൻപരിജ്ഞാനം അഭികാമ്യം (Java/ CSS/ PHP). ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാൻ അവസരം. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ.


പ്രതിഭാശാലികളും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകൾ ശാക്തീകരിക്കപ്പെടുക എന്ന ലക്ഷ്യമാണ് ബാക്ക്-ടു-വർക്ക് എന്ന സംരംഭത്തിനുള്ളത്. വിവാഹം, മാതൃത്വം, കുടുംബപരിമിതികൾ, കുടുംബത്തിന്റെ ഉത്തരവാദിത്വം, വ്യക്തിതാൽപര്യങ്ങൾ മുതലായവ കാരണം തൊഴിൽജീവിതം നഷ്ടപ്പെട്ട സ്ത്രീകളെയാണ് പരിപാടി ലക്ഷ്യം വെക്കുന്നത്. 2019-20 ൽ നടത്തിയ ബാക്ക്-ടു-വർക്ക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 75 ശതമാനം ആളുകൾ ഏണസ്റ്റ് ആൻഡ് യങ്, യു എസ് ടി, റ്റാറ്റാ എൽക്‌സ്‌ഐ തുടങ്ങി വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

2021 നവംബർ - ഡിസംബർ മാസങ്ങളിലാണ് അവസാനത്തെ ബാച്ചുകൾ നടത്തിയത്. അതിലെ 17 പേർ പ്രമുഖ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. താത്പര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അപേക്ഷിക്കേണ്ട അവസാന തീയതി: 2022 മാർച്ച് 02.   +91 7356610110, +91 2700012/13, +91 471 2413013, +91 9400225962  എന്നീ നമ്പറുകളിൽ പത്തു മുതൽ 05:30 വരെ വിളിക്കാം.