കാര്‍ഷികമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും പ്രാധാന്യം; വികസന വഴിയില്‍ കാസർഗോഡ് ജില്ലാ പഞ്ചായത്ത്

post

കാസര്‍കോടിനെ വികസനപാതയിലേക്ക് നയിച്ച് ജില്ലാ പഞ്ചായത്ത്

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണ സാരഥ്യം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കാസര്‍കോടിന്റെ സമഗ്ര വികസനം എന്ന ആശയത്തിലൂന്നി ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 21ാം വയസ്സില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഭരണസാരഥ്യത്തിലേക്ക് വന്ന പി ബേബി ബാലകൃഷ്ണന്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരത്തില്‍ വരുമ്പോള്‍ ജില്ലയിലെ കാര്‍ഷിക , ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള സംരക്ഷണത്തിനുംആണ് ഏറെ പ്രാധാന്യം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ വികസന കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നു.
 
കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കാര്‍ഷികമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും

ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കാര്‍ഷിക മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമാണ്. കാര്‍ഷിക മേഖലയ്ക്ക് ജലസംരംക്ഷണം, ജലസേചനം, കാര്‍ഷിക യന്ത്രവത്കരണം തുടങ്ങിയ ആവശ്യങ്ങളുണ്ട്. ജില്ലാ ആശുപത്രി വികസനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. പുതിയ ഭരണസമിതി അധികാരത്തില്‍ വരുമ്പോള്‍ കൊറോണ മൂര്‍ദ്ധന്യത്തിലെത്തിയ സമയമായിരുന്നു. അധികാരം ഏറ്റെടുത്ത് ഒന്ന് രണ്ട് മാസം കഴിയുമ്പോള്‍ തന്നെ കൊറോണ കൂടുതല്‍ വ്യാപിച്ചു. കൊറോണയെ നേരിടാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ഓക്സിമീറ്റര്‍ കൊടുത്ത് ജനങ്ങളെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കി. കൂടാതെ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും നടത്തി. ജില്ലാ ആശുപത്രി, ഹോമിയോ ആശുപത്രി, ആയുര്‍വേദ ആശുപത്രി ഇവിടങ്ങളില്‍ മരുന്ന് വിതരണം നടത്തി.

ജില്ലയ്ക്ക് സ്വന്തമായൊരു ഓക്സിജന്‍ പ്ലാന്റ് എന്ന സാക്ഷാത്കാരം

ജില്ലയ്ക്ക് സ്വന്തമായൊരു ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കണമെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ചട്ടഞ്ചാലില്‍ സ്വന്തമായി പത്ത് ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ നിന്നും അമ്പത് സെന്റ് സ്ഥലം ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനായി നീക്കിവെച്ചു.  എല്ലാ പഞ്ചായത്തുകളും ചേര്‍ന്ന് ഏകദേശം രണ്ട് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപ സമാഹരിച്ചു. ഒരു പൊതുമേഖലയില്‍ ഇത് ആദ്യമായാണ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. . രണ്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 80 കിലോവാട്ട് വൈദ്യുതിയായിരുന്നു ആദ്യം ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ ആവശ്യപ്പെട്ടത്. പക്ഷേ അത് പൂര്‍ത്തീകരിച്ച് വന്നപ്പോഴേക്കും 120 കിലോവാട്ടിന് മുകളിലേക്ക് എത്തി.

120ന് മുകളിലേക്ക് പോകുമ്പോള്‍ അന്ന് 2 ലക്ഷം രൂപയായിരുന്നു വൈദ്യൂതിക്ക് വേണ്ടി ആവശ്യമെങ്കില്‍ അതിന് ശേഷം 38 ലക്ഷം രൂപയുടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാതെ കമ്മീഷന്‍ ചെയ്യാന്‍ കഴിയില്ല എന്ന നിലയിലേക്ക് എത്തി. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി പവര്‍ സ്റ്റേഷന്‍ ഉറപ്പ് വരുത്തി. ഓക്സിജന്‍ വ്യാവസായിക ആവശ്യത്തിനും മറ്റ് ആശുപത്രികള്‍ക്കും കൊടുക്കാന്‍ പറ്റുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. 90 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കി . നിര്‍ദ്ദിഷ്ട പദ്ധതിക്ക് ആവശ്യമായ സ്ഥലവും ജില്ലാ പഞ്ചായത്ത് കൊടുത്തു. ഓക്‌സിജന്‍ പാന്റ് പ്രവര്‍ത്തന യോഗ്യമായി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച പദ്ധതി

ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവാക്കിയത് ജില്ലാ ആശുപത്രിക്കാണ്.  ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പാര മോണിറ്റര്‍ വാങ്ങാന്‍ 67 ലക്ഷം രൂപ ചെലവഴിച്ചു. പിന്നീട് പുതിയൊരു കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാനും അതിന്റെ വാട്ടര്‍ ടാങ്കും നിര്‍മ്മിക്കാന്‍ ഒരുകോടി 87 ലക്ഷം രൂപയോളം വരുന്ന എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയത്. ഒരു കോടിയോളം രൂപ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടാണ്. കൂടാതെ നാഷണല്‍ ഹൈവേയുടെ ഭാഗമായിട്ട് ഒരു ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. എന്നാല്‍  അത് പ്രവര്‍ത്തിക്കമെങ്കില്‍ 85 ലക്ഷം രൂപയുടെ ട്രാന്‍സ്ഫോമര്‍ ആവശ്യമാണ്.  

കൂടാതെ  മൂന്ന് കോടിയോളം രൂപ വേറെയും ചെലവാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള ജെറിയാട്ടിക് വാര്‍ഡിനായി അമ്പത്തിയഞ്ച് ലക്ഷം രൂപയും, ഡയാലിസിസ് വാര്‍ഡിനായി അമ്പത് ലക്ഷവും, അറ്റകുറ്റപണികള്‍ക്ക് നാല്പത് ലക്ഷവും, ചുറ്റുമതില്‍ പുനസ്ഥാപിക്കാനായി മുപ്പത് ലക്ഷവും നീക്കിവെച്ചു. ഫണ്ട് ചിലവഴിച്ചത് കൂടൂതലായും ആരോഗ്യമേഖലയ്ക്ക് തന്നെയാണ്. കോവിഡ് കൂടി വന്ന സാഹചര്യത്തില്‍  അടിയന്തരമായി ഒരു ഇടപെടല്‍ ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ കഴിഞ്ഞു.

അസാപുമായി ചേര്‍ന്ന് നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി

500 വനിതകള്‍ക്ക് ഡിഗ്രി എന്ന രീതിയില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. കാസര്‍കോട് മേഖലയില്‍ പ്ലസ് ടു കഴിഞ്ഞ് കുട്ടികളെ കല്യാണം കഴിച്ച് അയക്കുന്ന സ്ഥിതിയുണ്ട.് 30 നും 50 നും ഇടയില്‍ പ്രായമുള്ള ഒരുപാട് വനിതകള്‍ക്ക് പഠനത്തിന് താല്പര്യം ഉണ്ടായിട്ടും പഠിക്കാനുള്ള അവസരം ഇല്ലാതെ പോകുന്നുണ്ട്. സര്‍ക്കാര്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഈയൊരു പദ്ധതി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് അതിന്റേതായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പദ്ധതി നടത്തിപ്പാനായി യോഗങ്ങള്‍ ചേര്‍ന്ന് പല ചര്‍ച്ചകളും സംഘടിപ്പിച്ചു. ഒരു ഡിഗ്രി കൊണ്ട് മാത്രം സ്ത്രീകളെ ശാക്തീകരിക്കാന്‍ കഴിയില്ലയെന്നും സാമ്പത്തിക ശാക്തീകരണമാണ് ഏറ്റവും പ്രധാനമെന്നും മനസ്സിലായി.

എന്നാല്‍ സാമ്പത്തികശാക്തീകരണം സാധ്യമാകണമെങ്കില്‍ തൊഴില്‍പരിശീലനം അത്യാവശ്യമാണ്. അതിനായി സര്‍ക്കാര്‍ സ്ഥാപനമായ അസാപുമായി ചേര്‍ന്ന് പദ്ധതി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അക്കൗണ്ടിംഗ്, ഫാഷന്‍ ഡിസൈനര്‍, ക്രാഫ്റ്റ് ബേക്കര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, കമ്മ്യൂണിറ്റി മൊബിലൈസര്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നിവയാണ് മേഖലകള്‍. ഏറ്റവും കൂടുതല്‍ അക്കൗണ്ടിംഗ് ആന്റ് കമ്മ്യൂണിറ്റി മൊബിലൈസര്‍ മേഖലയിലേക്കാണ് വനിതകള്‍ വരുന്നത്. 250 വനിതകളെ തെരഞ്ഞെടുത്തു.

കുടിവെള്ള ലഭ്യത മാലിന്യസംസ്‌കരണം എന്നിവയില്‍ കാസര്‍കോട് ജില്ലയുടെ പുരോഗതി

ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം ഒരു കോടി രൂപയോളമാണ് കുടിവെള്ള പദ്ധതിക്കായി നീക്കിവെച്ചത്. വാട്ടര്‍ അതോറിറ്റിയാണ് എസ്റ്റിമേറ്റ് എടുത്ത് തരേണ്ടത്്. ജലജീവന്‍ മിഷന്‍ വന്നതോടെ എഞ്ചിനീയര്‍മാരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്. 2024 ആകുമ്പോഴേയ്ക്കും എല്ലാവര്‍ക്കും പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കാനാണ് തീരുമാനം.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. പക്ഷെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. പദ്ധതിക്കായി തുക നീക്കിവെച്ചിട്ടുണ്ട്

മാലിന്യസംസ്‌കരണം

മാലിന്യസംസ്‌കരണത്തിനായി കാഞ്ഞങ്ങാട്, നീലേശ്വം ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കാറഡുക്ക, കുമ്പഡാജെ പഞ്ചായത്തിനും തുക മാറ്റിവെച്ചിട്ടുണ്ട്. നിലവില്‍ ആവശ്യപ്പെട്ടവര്‍ക്കൊക്കെ ഫണ്ട് കൊടുക്കുന്നുണ്ട്. ശുചിത്വമിഷന്‍ ഉള്ളതുകൊണ്ട് ആരും ഫണ്ട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ മാലിന്യസംസ്‌കരണ പ്ലാന്റ്,  മാലിന്യ സംസ്‌കരണം എന്നുള്ളത് ശ്രദ്ധയിലുള്ള കാര്യമാണ്.

ഭൂഗര്‍ഭ ജല സംരക്ഷണം

ഭൂഗര്‍ഭ ജല സംരക്ഷണം കൂട്ടാന്‍ ഒരുപാട് പദ്ധതികള്‍ ഉണ്ട്. പള്ളം, കുളം, ചിറ നവീകരണത്തിനായി രണ്ടു കോടി 30 ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്നു. ഈ വര്‍ഷവും രണ്ടു കോടി 30 ലക്ഷം ഉണ്ട്. മൊത്തം 4 കോടി 60 ലക്ഷം രൂപയോളമാണ് അതിനുവേണ്ടി നീക്കിവെച്ചത്. കുറെയെണ്ണം പണി പൂര്‍ത്തിയായിവരുന്നു. ബാക്കത്തിമാര്‍ കുളം നവീകരണപദ്ധതി പുരോഗമിക്കുന്നു.  മാര്‍ച്ച്, ഏപ്രില്‍ മാസത്തോടുകൂടി മാത്രമേ  പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയൂള്ളൂ. കുളങ്ങളിലും അധികം വെള്ളം ഉള്ളതുകൊണ്ട് തന്നെ വറ്റിച്ച് എടുക്കണം. കുറേ ചെക്ക് ഡാം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നദീതട സംരക്ഷണത്തിനുവേണ്ടി രണ്ട് പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

അതിലൊന്ന് ഷിറിയ പുഴ സംരക്ഷണവും മറ്റൊന്ന് മാനൂര്‍ അരയി പുഴ സംരക്ഷണവും.  ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇതില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യും. കൂടാതെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 25,000 മിയവാക്കി വനങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി ഏകദേശം 8000 അധികം മരങ്ങളാണ് കാസര്‍ഗോഡ് ജില്ലയില്‍ മാത്രം മുറിച്ചു പോകുന്നത്. പകരം മരം നടാന്‍ വേണ്ടി കമ്മിറ്റി ചേര്‍ന്ന് അനുമതി കൊടുത്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഫണ്ട് നല്‍കും. വനംവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ സ്‌കൂളുകളിലും മരം നടാനാണ് ഉദ്ദേശിക്കുന്നത്.

വികസന പദ്ധതികള്‍ ഏത് മേഖലയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്

ജില്ലയുടെ പശ്ചാത്തല സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും നല്ല റോഡുകളാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. പൊതു സൗകര്യങ്ങള്‍ കുറച്ചുകൂടി മികച്ചതാക്കണം. ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തണം. കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടുത്താന്‍ മുന്‍ഗണന നല്‍കണം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലാണ് മറ്റൊരു മേഖല. നാളിതുവരെ ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുന്നേറ്റങ്ങളെ മൂല്യവര്‍ദ്ധിതങ്ങളാക്കി കൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

ഏതൊക്കെ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം എന്നതിന് അസാപുമായി ചേര്‍ന്ന് തൊഴില്‍ പരിശീലനം നല്‍കും. ഈവര്‍ഷം വനിതകള്‍ക്ക് മാത്രമേ പരിശീലനം നല്‍കുന്നുള്ളൂ. അടുത്തവര്‍ഷം യുവാക്കളെ കൂടി ഉള്‍പ്പെടുത്തി തൊഴില്‍ പരിശീലനം നല്‍കി അവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. അതിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്.

ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി സംസ്ഥാനത്ത് മറ്റേതെങ്കിലും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ടോ ?

500 വനിതകള്‍ക്ക് ഡിഗ്രി എന്ന പദ്ധതി മറ്റ്പഞ്ചായത്തുകള്‍ കൂടി മാതൃകയാക്കുന്നുണ്ട്. ഡയാലിസിസ്, കിഡ്സ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം കൊടുത്തു. പക്ഷേ അതൊരു ഏകീകരിച്ച പദ്ധതി ആക്കി മാറ്റാന്‍ കഴിയില്ല. സാമ്പത്തികബാധ്യതയുണ്ടാകും. അതിനാല്‍ ജില്ലാ ആശുപത്രിയില്‍ മാത്രമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓക്സിജന്‍ പ്ലാന്റ് പൊതുമേഖലയില്‍ ആരും ചെയ്തിട്ടില്ല. പല പഞ്ചായത്തുകളില്‍ നിന്നും വിളിച്ചു ചോദിക്കുന്നുണ്ട്. ഗുജറാത്തില്‍ നിന്നും വിളിച്ചന്വേഷിച്ചു.

ഇരുപത്തിയൊന്നാം വയസ്സില്‍ മടിക്കൈ പ്രസിഡന്റ്? പദ്ധതി നടത്തിപ്പിലും തദ്ദേശഭരണ പ്രക്രിയകളിലും വന്ന മാറ്റം എങ്ങനെ അനുഭവപ്പെടുന്നു?

ആദ്യത്തെ പദ്ധതികളൊക്കെ കൈക്കൊണ്ട് എഴുതിയാണ് തയ്യാറാക്കിയത്. ഇപ്പോള്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരാണ് തയ്യാറാക്കുന്നത്. പ്ലാന്‍ ഒക്കെ കൈപ്പടയില്‍ എഴുതി തയ്യാറാക്കി പോയ അനുഭവമായിരുന്നു ആദ്യഘട്ടങ്ങളില്‍. 25 പദ്ധതി ഉണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് കോടിക്കണക്കിന് രൂപയാണ് വികസന പ്രവര്‍ത്തികള്‍ക്ക് നല്‍കുന്നത്. 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. 679 പ്രൊജക്ടാണ് ആകെ ജില്ലാ പഞ്ചായത്ത് പദ്ധതിയായിട്ട് വരുന്നത്. പദ്ധതിക്ക് പണം ചെലവഴിക്കണം എങ്കില്‍ ആദ്യം ഒരു ഡിപിസി ആദ്യം അനുവദിച്ച പ്രോജക്റ്റുകളൊക്കെ പിന്നീട് സര്‍ക്കാര്‍ അംഗീകരിക്കണം.

ഏതു മേഖലയിലാണ് വികസനം കൂടുതല്‍ വേണമെന്ന് തോന്നിയിട്ടുള്ളത്

ആരോഗ്യമേഖലയില്‍ നല്ലൊരു ഇടപെടല്‍ വേണം. നല്ല ആരോഗ്യ സ്ഥാപനങ്ങളില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഉണ്ടെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. കണ്ണൂര്‍, മംഗലാപുരത്തെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ജില്ലാ ആശുപത്രിയെ പരമാവധി പറ്റുന്ന രീതിയില്‍ ആ നിലവാരത്തിലേക്ക് ഉയര്‍ത്തി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹം.  

മറ്റൊന്ന് തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആവശ്യമായ തൊഴില്‍ പ്രശ്നങ്ങള്‍. കാര്‍ഷികമേഖലയുടെ മാര്‍ക്കറ്റിംഗ് ആണ് മറ്റൊരു പ്രധാന പ്രശ്നം. കാര്‍ഷികമേഖലയ്ക്ക് ഉത്പാദനം കൂടി. എന്നാല്‍ ഉല്‍പാദന വര്‍ദ്ധനവ് വരണമെങ്കില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റണം. അതോടൊപ്പം മാര്‍ക്കറ്റിംഗ് സംവിധാനം കൂടി മെച്ചപ്പെടുത്തണം. മാര്‍ക്കറ്റിങ്ങിന് വേണ്ടി ഒരു ശ്രമം നടത്തുന്നുണ്ട്. പെരിയ മാര്‍ക്കറ്റിന് ആവശ്യമായ ധാരണാപത്രം തയ്യാറായിട്ടുണ്ട്. അടുത്ത് തന്നെ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ട് അതിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കും. പദ്ധതിരേഖ തയ്യാറായാല്‍ അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ അത് നടപ്പാക്കാന്‍ കഴിയും.

പെരിയ മാര്‍ക്കറ്റിനെ കുറിച്ച്


ജില്ലയുടെ തനതു സംസ്‌കാരവും പാരമ്പര്യവും ജൈവവൈവിധ്യം ഒക്കെ തന്നെയുണ്ട.് അതൊക്കെ പ്രതിഫലിക്കുന്ന മാതൃകയില്‍ നല്ലൊരു മാര്‍ക്കറ്റാണ് ഉദ്ദ്യേശിക്കുന്നത്. 868 മോഡല്‍ കട.  അത് പ്ലാന്റേഷനുമായി ചേര്‍ന്ന് ചെയ്യുന്നത് കൊണ്ട് കുറച്ചു കടകള്‍ പ്ലാന്റേഷന് കൊടുക്കാനും ബാക്കി ജില്ലാ പഞ്ചായത്ത് എന്ന നിലയിലും ഏറ്റെടുക്കും. കൂടാതെ നബാര്‍ഡിന്റെ സഹായവും, ഡിപിആര്‍ തയ്യാറാക്കിയാല്‍ ത്രിതല പഞ്ചായത്തുകളുടെ സഹായവും, ടിഡിപിയുടെ സഹായവും ലഭിക്കും. സംസ്ഥാന ഗവണ്‍മെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പഴം, പച്ചക്കറി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്ന പദ്ധതി അനുവദിച്ച് തരണമെന്ന് ധനകാര്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് പേര്‍ക്ക് തൊഴിലവസരം ഉണ്ടാക്കാന്‍ പറ്റുന്ന പദ്ധതിയാണിത്. ഓരോ പ്രദേശത്തും വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ ഉണ്ട്.

മടിക്കൈ എരിക്കുളത്ത് ഇഷ്ടംപോലെ പച്ചക്കറിയുണ്ട്. പക്ഷേ കര്‍ഷകര്‍ക്ക് ഒട്ടുംതന്നെ വില കിട്ടുന്നില്ല. വിറ്റഴിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടണം. അവരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും സംഭരിക്കാനും കഴിയുന്ന രീതിയിലേക്കാണ് ഈ മാര്‍ക്കറ്റ് വിഭാവനം ചെയ്യുന്നത്. അതിനാവശ്യമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് നല്ല രീതിയില്‍ ഒരു മാര്‍ക്കറ്റിംഗ് സംവിധാനം ലക്ഷ്യമിടുന്നത്. പെരിയ എയര്‍സ്ട്രിപ്പ് കൂടി വന്നാല്‍ കയറ്റുമതിയൊക്കെ വളരെ എളുപ്പത്തില്‍ സാധ്യമാകും. എയര്‍സ്ട്രിപ്പിന്റെ ആവശ്യകതയും മന്ത്രിയോടും എംഎല്‍എയോടും അറിയിച്ചു.

ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രഖ്യാപിച്ചല്ലോ? ജില്ലയ്ക്ക് ഉണ്ടാകുന്ന നേട്ടം

ജില്ലയിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമവികസനം ഈ തട്ടില്‍ ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഈ മൂന്നു തട്ടിലും ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് പോകണം. അതിനു പകരം ജില്ലയില്‍ ഒരു ജോയിന്റ് ഡയറക്ടര്‍ വരികയാണ്. ജോയിന്റ് ഡയറക്ടറുടെ കീഴിലാണ് ഇവരെല്ലാം വരുന്നത്.  അക്കൗണ്ടന്റ് വരെ സ്ഥലംമാറ്റവും, പ്രമോഷനുമൊക്കെ ജോയിന്റ് ഡയറക്ടര്‍ക്ക് ചെയ്യാന്‍ സാധിക്കും. എല്‍ഡി ക്ലര്‍ക്കിനെ നിയമിക്കാനും മറ്റ് ചെറിയ ആവശ്യങ്ങള്‍ക്കായും തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമില്ല. അത്തരം കാര്യങ്ങളൊക്ക ജില്ലയില്‍ നിന്ന് തന്നെ ചെയ്യാന്‍ സാധിക്കും. അത്യാവശ്യ ഫയലുകളും ഏകീകൃത സംവിധാനം അനുസരിച്ച് പ്രാവര്‍ത്തികമാക്കി എടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാകും. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില്‍ വന്നാല്‍ കാസര്‍കോട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്.

വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍

സ്വപ്ന പദ്ധതി എന്ന് പറയുന്നത് കാര്‍ഷികമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക മേഖലയുടെ വളര്‍ച്ച തന്നെയാണ്. അതില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്തി കൊണ്ട് ഉത്പാദനവും, ഉത്പാദിപ്പിച്ച ഉത്പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊടുക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.  അതോടൊപ്പം ചക്ക, മാങ്ങ പോലുള്ള പഴങ്ങള്‍ പാഴായി പോകുന്ന സ്ഥിതിയുണ്ട്. അതില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ വൈന്‍ പോലുള്ളവ ഉണ്ടാക്കാനുള്ള ശ്രമം കൂടി നടക്കുന്നുണ്ട.് കുറേ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭമാണിത്. അതോടൊപ്പം ജില്ലയുടെ പശ്ചാത്തല മേഖല വികസനവും ലക്ഷ്യമിടുന്നുണ്ട്.

അതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം തന്നെ റോഡ് പണി ആരംഭിച്ചു. വീതികൂട്ടി ഇന്റര്‍ലോക്ക് സംവിധാനം ഒരുക്കി മെക്കാഡം ടാറിങ് ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ റോഡുകളും ഒറ്റയടിക്ക് ചെയ്യാന്‍ കഴിയില്ല. ആദ്യഘട്ടമെന്ന നിലയില്‍ പത്ത് കോടിരൂപ ചെലവിട്ട് അഞ്ച് റോഡുകള്‍ മെക്കാഡം ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്. ഏറ്റവും നല്ല ഗതാഗതത്തിനായി മികച്ച റോഡുകള്‍ എന്നതാണ് ലക്ഷ്യം. കൂടാതെ യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാനാവശ്യമായ പദ്ധതികള്‍ കൊണ്ടുവരും. അതോടൊപ്പം ആരോഗ്യമേഖലയെ മെച്ചപ്പെടുത്തിക്കൊണ്ട് ജില്ലാ ആശുപത്രിയെ ഏറ്റവും നല്ല മാതൃകയായി നവീകരിക്കുവാനും ലക്ഷ്യമിടുന്നുണ്ട്.