കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും

post


കണ്ണൂർ: കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കരിവെള്ളൂർ-പെരളം പഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെയും സ്ഥാപന അധിഷ്ഠിത പച്ചക്കറിത്തോട്ടം വിളവെടുപ്പിന്റെയും സംയുക്ത ഉദ്ഘാടനം കരിവെള്ളൂർ കുണിയനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പാടങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതാണ് പ്രദേശത്തെ കർഷകരുടെ പ്രധാന പ്രശ്‌നം. ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാൻ ജില്ലാ കൃഷി ഓഫീസർ അടങ്ങുന്ന സംഘത്തിന് മന്ത്രി നിർദ്ദേശം നൽകി. കർഷകർക്ക് നൽകാവുന്ന എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സർക്കാരിന് മേനി നടിക്കാനുള്ളതല്ല. കർഷകന്റെ മനസ് നിറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





കേരഗ്രാമം പദ്ധതി വാർഡ് കൺവീനർ കെ സഹദേവന് പമ്പ് സെറ്റ് കൈമാറിക്കൊണ്ടാണ് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരകർഷകരുടെ സമഗ്ര പുരോഗതിക്കായി നാളികേര കൃഷിയുടെ ഉൽപ്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 250 ഹെക്ടറിൽ 43750 തെങ്ങുകൾ കൃഷി ചെയ്ത് അവയുടെ തടം തുറക്കൽ മുതൽ മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടും.


കുണിയനിൽ ഒരേക്കർ പ്രദേശത്ത് കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് നടത്തുന്ന സ്ഥാപന അധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പ്രദേശത്തെ മുതിർന്ന കർഷകൻ അപ്യാൽ അമ്പുക്കുഞ്ഞിയെ മന്ത്രി ആദരിച്ചു.