ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

post

 ഉദ്ഘാടനം ഏപ്രില്‍ 16ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തൃശൂർ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗുരുവായൂര്‍ക്കാരുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമായിരിക്കുന്നു. മലിനജലം സംസ്‌കരിച്ചശേഷം പുനരുപയോഗത്തിനുള്ള ജലമായി മാറ്റിയെടുക്കുന്ന ചക്കംകണ്ടത്തുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് കമ്മീഷന്‍ ചെയ്തതോടെ പ്രദേശവാസികള്‍ക്കും ക്ഷേത്രനഗരിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ഒരേ പോലെ ആശ്വാസമാകുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷനാകും.  


ചക്കംകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന 3 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്‌കരണ ശാഖ, 3 സംഭരണ കിണറുകള്‍, 3 പമ്പ് ഹൗസുകള്‍, 7.34 കിലോമീറ്റര്‍ നീളമുള്ള സ്വീവറേജ് സംഭരണ ശൃoഖല, പമ്പുസെറ്റുകള്‍, ജനറേറ്ററുകള്‍, 256 മാന്‍ഹോളുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.  13.23 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി  ചിലവഴിച്ചിട്ടുള്ളത്. 

1973ല്‍ തുടക്കം കുറിച്ച ഗുരുവായൂര്‍ മാലിന്യ സംസ്‌ക്കരണ പദ്ധതിയ്ക്കായി 4.35 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി. എന്നാല്‍ സാങ്കേതിക തടസ്സങ്ങളും പ്ലാന്റിനെതിരായ സമരങ്ങളും പദ്ധതിയെ പിറകോട്ടടിപ്പിച്ചു. അവയൊക്കെ അതിജീവിച്ച് 30 ലക്ഷം സംഭരണ ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ 90 ശതമാനം പ്രവൃത്തികളും 2009ല്‍ തന്നെ പൂര്‍ത്തിയാക്കാനായെങ്കിലും പല കാരണങ്ങളാല്‍ പദ്ധതി വീണ്ടും നിശ്ചലമായി. സംഭരണ ശൃoഖലയുടെ  പ്രവര്‍ത്തനാനുമതി 2011 ജൂലൈ 20ന് 850 ലക്ഷം രൂപയ്ക്ക് നല്‍കിയെങ്കിലും പലവിധ സാങ്കേതിക കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. തീര്‍ത്ഥാടന കേന്ദ്രമായ ക്ഷേത്രനഗരിയിലെ തിരക്കുകളും, ഇടുങ്ങിയ റോഡുകളും ഉയര്‍ന്ന ജലവിതാനവും പദ്ധതിയെ ബാധിച്ചു. പല കാലഘട്ടങ്ങളിലായി സംഭരണ ശൃഖലയുടെ പരിശോധനയ്ക്കായി സ്ഥാപിച്ച മാന്‍ഹോളുകള്‍ കാലാകാലങ്ങളില്‍ ചെയ്ത ടാറിങ്ങില്‍ മൂടിപോയതിനാല്‍ ന്യൂനതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനും കാലതാമസം നേരിട്ടു. 

പ്ലാന്റ് നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപം കൊണ്ടപ്പോള്‍ അതിനൊപ്പം തന്നെ പദ്ധതി വിരുദ്ധ സമിതികളും നിലവില്‍ വന്നു.  ഒടുവില്‍, ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പദ്ധതിയ്ക്ക് വീണ്ടും ജീവന്‍ വെച്ചത്.  പദ്ധതി പൂര്‍ത്തീകരണത്തിനായി ജല അതോറിറ്റിയില്‍ നിന്ന് പുതിയ എഞ്ചിനീയറിംഗ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം പദ്ധതി പൂര്‍ത്തീകരണത്തിനായി മൂന്ന് മാസത്തെ സമയം നല്‍കി. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് ഉദ്യോഗസ്ഥരും തൊഴിലാളികളും മാതൃകയായി. സര്‍വ്വീസ് കാലത്തെ അഭിമാനപ്പോരാട്ടമായി അഴുക്കുചാല്‍ പദ്ധതിനിര്‍വ്വഹണത്തെ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. 



മൂന്നു സോണുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറ്റവുമൊടുവില്‍ സംഭരിക്കുന്നത്  ഒന്നാമത്തെ പമ്പ്ഹൗസിലാണ്.   അവിടെനിന്ന് മാലിന്യങ്ങള്‍ പൈപ്പ് വഴി ചക്കംകണ്ടം പ്ലാന്റിനു മുന്നിലെ വലിയ ടാങ്കിലേക്ക്.  ടാങ്കിലെ മാലിന്യങ്ങള്‍ പ്രത്യേക ചാനല്‍ വഴി പ്ലാന്റിലെ ഗ്രിഡ് ചേമ്പറിലേയ്ക്ക്.  ചാനലില്‍ വെച്ച് സാന്ദ്രതയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടും   ഗ്രിഡ് ചേമ്പറില്‍നിന്ന് പ്ലാന്റിലെ ടാങ്കിലേക്കും അവിടെനിന്ന് പമ്പ് ചെയ്ത് ബയോളജിക്കല്‍ റിയാക്ടറിലേക്കും.  ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരണപ്രക്രിയ നടക്കുന്ന ഘട്ടമാണിത്.   ഒടുവില്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍ ചേമ്പറിലൂടെ മാലിന്യം കടത്തിവിട്ട് വെള്ളത്തിലെ കോളിഫോമിന്റെ അംശങ്ങള്‍ വേര്‍തിരിച്ചശേഷം ശുദ്ധീകരിച്ച് പുറത്തേക്കുവിടും. 

ഗുരുവായൂര്‍ അഴുക്കുച്ചാല്‍ പദ്ധതി  2021 സെപ്റ്റംബര്‍ 30ന് മാലിന്യസംസ്‌കരണശാല ഉള്‍പ്പെടെ ഭാഗികമായും, 2021 നവംബര്‍ 16ന് പൂര്‍ണമായും കമ്മിഷന്‍ ചെയ്ത് സ്വീവറേജ് കണക്ഷനുകള്‍ കൊടുത്തു തുടങ്ങുകയും ചെയ്തു. അഴുക്കുച്ചാല്‍ പദ്ധതിക്കായി പൊളിച്ച ഗുരുവായൂര്‍ ഔട്ടര്‍റിങ് റോഡിന്റെ നവീകരണം 4.25 കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചു വരികയാണ്.