എളവള്ളിയിൽ ഇനി മുതൽ എസ്.എസ്.എൽ.സി മിനിമം യോഗ്യത

postതൃശൂർ: എളവള്ളി ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എസ് എസ്  എൽ സിയാക്കാൻ തീരുമാനം. എളവള്ളി പഞ്ചായത്തോഫീസിൽ  ചേർന്ന പ്രഥമ പഞ്ചായത്തുതല സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി വാർഡ് അംഗങ്ങൾ ചെയർമാന്മാരായി വാർഡുതല സാക്ഷരതാ സമിതികൾ രൂപീകരിക്കും. കൂടാതെ അങ്കണവാടി പ്രവർത്തകർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, സാക്ഷരതാ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വാർഡ് മെമ്പർ നോമിനേറ്റ് ചെയ്യുന്ന ഒരു വ്യക്തി, സ്‌കൂൾ പ്രധാനാധ്യാപകൻ എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും. 

ആദ്യഘട്ടമെന്ന നിലയിൽ 17നും 50നും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി യോഗ്യത ഇല്ലാത്തവരുടെ ലിസ്റ്റ് വാർഡ് സാക്ഷരതാ സമിതിയുടെ മേൽനോട്ടത്തിൽ സർവ്വേ നടത്തി ശേഖരിക്കും. സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക്  പരിശീലനം നൽകും. എല്ലാ ആഴ്ചയിലും ഞായറാഴ്ചകളിലാണ് പരിശീലനം ഏർപ്പെടുത്തുന്നത്.

ഓരോ വാർഡുകളിലും പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകളുടെ ക്രമീകരണം നടത്തും. ബിഎഡ് യോഗ്യതയുള്ളവരെയാണ് ക്ലാസ്സുകൾ എടുക്കുന്നതിന് നിയോഗിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള ഇൻ്റർവ്യൂന് വെയിറ്റേജ് മാർക്ക് ലഭിക്കുന്ന കമ്മ്യൂണിറ്റി സർവ്വീസ് സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് അധ്യാപകർക്ക് നൽകും. റിട്ടയേർഡ് അധ്യാപകരുടെ സഹായവും പദ്ധതിയുടെ ഭാഗമാക്കും. തുല്യതാ പരീക്ഷയ്ക്ക് ഓരോ പഠിതാവിനും ചെലവുവരുന്ന 1850 രൂപ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വകയിരുത്തും.