ഇവിടെയുണ്ട് തലയ്ക്കൽ ചന്തുവിന്റെ പിന്മുറക്കാർ

post


കണ്ണൂർ: അമ്പെയ്ത്തിൽ പ്രഗത്ഭരായ വയനാട്ടിലെ തലയ്ക്കൽ ചന്തുവിന്റെ പിൻഗാമികൾ ആ പാരമ്പര്യം തനിമയോടെ കാത്ത് സൂക്ഷിക്കുന്നവരാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന നഗരിയിൽ  അമ്പെയ്ത്ത് പരിചയപ്പെടുത്തി  ശ്രദ്ധേയനാവുകയാണ് വയനാട്ടിലെ എം കെ മനോജ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് അമ്പെയ്ത്തിനെ അറിയാൻ അവസരമൊരുക്കുന്നത്.


അമ്പെയത്ത് കേവലം കായിക വിനോദം മാത്രമല്ല ഇവർക്ക്.തലമുറകളായി കൈമാറി വരുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണിവർ. അമ്പെയ്ത്തിന്റെ പാഠങ്ങൾ മനോജിന് പകർന്നു നൽകിയത് ഗുരു ഗോവിന്ദൻ ആശാനാണ്.  അമ്പെയ്ത്ത് മത്സരത്തിനുള്ള മാനസികവും ശാരീരികവുമായ പരിശീലനങ്ങൾ ഇവർ നൽകി വരുന്നുണ്ട്. കായിക വിദ്യാർഥികൾക്ക് പുറമെ നിരവധി വിദേശികളാണ് വയനാട് അമ്പലവയൽ നന്ദൻ കവലയിലെത്തുന്നത്. അമ്പെയ്ത്ത് പരിശീലനത്തിനുള്ള അമ്പും വില്ലും കുറഞ്ഞ ചെലവിലാണ് ഇവർ നിർമിച്ചു നൽകുന്നത്. പരിശീലനത്തിനെത്തുന്നവരിൽ നിന്ന് ദക്ഷിണയായി കുറഞ്ഞ തുക മാത്രമാണ് ഈടാക്കുക. ബാക്കി തുക കൊണ്ട് കാട്ടിലെ പക്ഷികൾക്ക് ഭക്ഷണം നൽകും.


ശീമക്കൊന്നമരം, മുള എന്നിവ കൊണ്ടാണ് വില്ലുണ്ടാക്കുന്നത്. പേനമുളകൊണ്ടുള്ള അമ്പിന്റെ ഗതി നിർണയിക്കുന്നത് പരുന്തിന്റെ തൂവൽ കൊണ്ടാണ്. കൊടിത്തൂവയുടെ നാരുകൊണ്ടുണ്ടാക്കുന്ന ഞാണ് ആണ് ഉപയോഗിക്കുന്നത്. അമ്പും വില്ലും നിർമാണം ചിട്ടകളോടെയാണ് നിർവഹിക്കുന്നതെന്ന് മനോജ് പറയുന്നു. പൂർവികർ പകർന്ന അമ്പെയ്ത്തിന്റെ പാഠങ്ങൾ കെടാതെ പകർന്നു നൽകുകയാണ് ഇവരുടെ ലക്ഷ്യം.