'യുദ്ധം വേണ്ട ' ചീരയില്‍ തീര്‍ത്ത സന്ദേശവുമായി ഹൊസ്ദുര്‍ഗ്ഗ് ജില്ലാജയില്‍ അന്തേവാസികള്‍

post



കാസര്‍കോട്: സമൂഹത്തിന് വിപത്തായി മാറുന്ന യുദ്ധം ഇനി വേണ്ട എന്ന മഹത്തായ സന്ദേശം ചീരയില്‍ ഒരുക്കി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍ അന്തേവാസികള്‍. പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാറാണി നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ജയിലായി മാറിയ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇടവേളകളില്ലാതെ വിവിധ ഇനം കൃഷികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തവണ വെണ്ട, ചീര, വഴുതിന, കുമ്പളങ്ങ, നരമ്പന്‍, വെളളരിക്ക, പച്ചമുളക് എന്നിവയ്ക്ക് പുറമേ നാട്ടില്‍ പരിചയമില്ലാത്ത മുന്തിരി കൃഷിയും ജയിലില്‍ നടക്കുന്നുണ്ട്. പൂര്‍ണ്ണമായും ജയിലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ജൈവവളമാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൃഷിചെയ്ത വിവിധ  പച്ചക്കറികളുടെ വിപണന മൂല്യം അരലക്ഷം രൂപയോളം വരും. കോ വിഡ് പോരാളികളെ ആദരിച്ചുകൊണ്ട് നിര്‍മ്മിച്ച പൂന്തോട്ടത്തിലാണ് വിമുക്തഭടന്മാരായ പ്രദീപന്‍, വിജയന്‍ എന്നിവര്‍ രൂപകല്‍പ്പന ചെയ്ത  യുദ്ധ വിരുദ്ധ സന്ദേശം ജയില്‍ അന്തേവാസികള്‍ ചീരയില്‍ ഒരുക്കിയിരിക്കുന്നത്.