ഇനി യാത്ര ഉൾനാടൻ ഗ്രാമങ്ങളിലേക്കാവട്ടെ

post

കണ്ണൂർ: നെൽവയലിൽ പാടവരമ്പിനടുത്ത് സ്ഥാപിച്ച ജലചക്രം, സമീപത്ത് ഓലക്കുടിലുകളിൽ കുട്ടനെയ്ത്തും  മൺപാത്ര നിർമ്മാണവും തറിയും താറാവ് വളർത്തലുമായി ജീവിക്കുന്ന മനുഷ്യർ... ഉൾനാടൻ ഗ്രാമാന്തരീക്ഷത്തിന്റെ ചൂടും ചൂരും ചോരാതെ പുനർനിർമ്മിച്ചിരിക്കുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ 'എന്റെ കേരളം' മെഗാ എക്‌സിബിഷനിൽ . 

വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ ഉൾനാടൻ ഗ്രാമങ്ങളിലേക്കുകൂടി എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പ് പ്രചരിപ്പിക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആവിഷ്‌ക്കരണം  ആവേശത്തോടെയാണ് മേളയിലെത്തിയ ജനങ്ങൾ സ്വീകരിച്ചത്. 

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) 'ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്' എന്ന മുദ്രാവാക്യമാണ് സ്ട്രീറ്റിന്റെ പ്രചോദനം. സുസ്ഥിരം, മൂർത്തമായത്, ഉത്തരവാദിത്തമുള്ളത്, അനുഭവം, വംശീയം എന്നീ വിഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചുരുക്കപ്പേരാണ് സ്ട്രീറ്റ്. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, ഗ്രാമീണ ജീവിതാനുഭവ സ്ട്രീറ്റ്, എക്‌സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രിടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന തീമുകൾ.

സഞ്ചാരികൾക്ക് ഗ്രാമീണ ജീവിതങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം ഇവിടെയുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തിന്റെ സവിശേഷതകളുടെ വിവരണവും ക്ഷേത്ര കലശപാത്രം, ചങ്ങലവട്ട, പീഠംപ്രഭ, കണ്ണാടി വിഗ്രഹം, തെയ്യം തിരുവായുധങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും തത്സമയ നിർമ്മാണവും അമ്പെയ്ത്തിന്റെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്.