സംസ്ഥാനത്ത് 16 വരെ മഴ തുടരും, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

post

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: ഏപ്രിൽ 12 മുതൽ 16 വരെ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

12ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

13 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏപ്രിൽ 12, 13, 14 എന്നീ തീയതികളിൽ കേരളത്തിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും പൊതുജാഗ്രതയും സ്വീകരിക്കണം.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഏപ്രിൽ 12 മുതൽ 13 വരെയും കർണാടക തീരത്ത് ഏപ്രിൽ 12 നും മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത്‌നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുതെന്നും 12ന് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച നിർദേശത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.