മുദ്രകൾ കൊണ്ട് നിറപീലി വിടർത്തിയാടി ദിവ്യ നെടുങ്ങാടി

post


കണ്ണൂർ: കാർമുകിൽ കണ്ട് ആനന്ദിക്കുന്ന മയിലായി, പിന്നെ വാത്സല്യം തുളുമ്പുന്ന അമ്മയായി, രൗദ്രഭാവത്താൽ ചടുലനൃത്തമാടുന്ന ഭദ്രകാളിയായി, ഒടുവിൽ കരയുന്ന ഭാരതപ്പുഴയായി. അങ്ങനെ ഭാവങ്ങൾ മാറിയപ്പോഴെല്ലാം ഡോ. ദിവ്യ നെടുങ്ങാടി വേദിയിൽ മുദ്രകൾകൊണ്ട് പീലി വിടർത്തിയാടി. കണ്ണൂർ പോലീസ് മൈതാനിയിൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' അരങ്ങിലാണ് യുവനർത്തകിമാരിൽ പ്രശസ്തയായ ദിവ്യ നെടുങ്ങാടി മോഹിനിയാട്ടം അവതരിപ്പിച്ചത്. കാവാലം നാരായണ പണിക്കരുടെ ഗണപതി സ്തുതിയോടെയായിരുന്നു തുടക്കം.  തുടർന്ന് ഭദ്രകാളി ദാരികനെ വധിച്ച കഥയുമായി വേദി നിറഞ്ഞാടി.

കറുകറെ കാർമുകിൽ എന്ന ഗാനം അനന്തു മുരളി പാടിയപ്പോൾ ദിവ്യ ആനന്ദത്താൽ നൃത്തം ചവിട്ടുന്ന മയിലായി. ഓമനത്തിങ്കൾ കിടാവോ..എന്ന ഗാനത്തിന് ചുവടുവെച്ചപ്പോൾ മാതൃസ്നേഹം അംഗചലനങ്ങളിൽ നിറഞ്ഞു. കൺകോണുകളിലും ഉടലിലും നിറഞ്ഞ ലാസ്യം പൊലീസ് മൈതാനത്തെത്തിയ നൂറുകണക്കിന് കാണികളുടെ ഹൃദയം കവർന്നു.   ദിവ്യ സ്വയം ചിട്ടപ്പെടുത്തിയ നദീ ഭാഗീരഥി എന്ന നൃത്താവിഷ്‌ക്കാരം സമൂഹത്തിന് നേരെയുള്ള ചോദ്യ ശരമായിരുന്നു. നാശത്തിന്റെ വക്കിലുള്ള ഭാരതപ്പുഴയെ സംരക്ഷിക്കമെന്ന ആഹ്വാനമാണ് പുഴയുടെ സങ്കടം ആടിത്തീർത്ത് ദിവ്യ പറഞ്ഞത്.

അഖില ശ്രീചിത്രൻ (നട്ടുവാങ്കം), അനന്തു മുരളി (വായ്പാട്ട്), കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), ചാലക്കുടി രഘുനാഥൻ (പുല്ലാങ്കുഴൽ), വാഴമുട്ടം സുരേഷ് കുമാർ (വയലിൻ) എന്നിവർ നാട്യശോഭയ്ക്ക് ശ്രുതിമധുരമൊരുക്കി. നാലാം വയസ്സിൽ ഗുരു വിനീത നെടുങ്ങാടിയുടെ കളരിയിൽ നിന്ന് ആരംഭിച്ചതാണ് ഈ കലാകാരിയുടെ നൃത്തസപര്യ. അക്കാദമികരംഗത്തും കലാരംഗത്തും ഒരുപോലെ മികവു പുലർത്തിയ ദിവ്യ, സംസ്‌കൃത സാഹിത്യത്തിൽ ബിരുദവും മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെയാണ് പാസായത്. 2016 ൽ കൊൽക്കത്തയിലെ വിശ്വഭാരതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും നൃത്തത്തിൽ പി എച്ച് ഡി കരസ്ഥമാക്കി. 


ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച ദിവ്യ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മോഹിനിയാട്ട വിഭാഗം അധ്യാപികയാണ്. ദിവ്യ നൃത്തസംവിധാനം നിർവഹിച്ച ഭദ്രഗീതി, സ്വയംവരം രതീവിലാപം, നദീ ഭാഗീരഥി തുടങ്ങിയ ഇനങ്ങൾ എറെ പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് കലാക്ഷേത്ര ചെന്നൈയുടെ നേതൃത്വത്തിൽ ജാനറ്റ് ജെയിംസ് അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും.