പച്ചമുളക് മുതല്‍ ഉരുളക്കിഴങ്ങ് വരെ.. വ്യത്യസ്തമായി പായസമത്സരം

post


തൃശൂർ: പച്ചമുളക് മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള പച്ചക്കറികള്‍ വരെ പായസത്തിന് വിഭവങ്ങളായ വ്യത്യസ്തമായൊരു പാചകമത്സരമാണ് ബുധനാഴ്ച തേക്കിന്‍കാട് നടന്ന എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ നടന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തില്‍ ബുധനാഴ്ചയിലെ വിഷയം പായസമായിരുന്നു. ചക്ക പായസം, കുമ്പളങ്ങ പായസം, മുളക് പായസം,  അവിയല്‍ പായസം, മുതല്‍ പഴ വര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള പായസം വരെ  മത്സരത്തില്‍ വേറിട്ടുനിന്നു. 

കാഴ്ചയുടെയും രുചിയുടെയും വൈവിധ്യങ്ങള്‍ക്ക് വേദിയാവുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശനം. മുളയരി കൊണ്ട്  രുചിയൂറുന്ന  പായസമൊരുക്കിയ  ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാഴപ്പിണ്ടി, പൈനാപ്പിള്‍ എന്നിവ കൊണ്ട് പായസമൊരുക്കി ചൊവ്വന്നൂര്‍ ബ്ലോക്കിലെ ജിബി ജോബി രണ്ടാം സ്ഥാനം നേടി. മുരിങ്ങക്ക, വെള്ളരിക്ക, പയര്‍, ഉരുളകിഴങ്ങ്, ക്യാരറ്റ്,  മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഉപയോഗിച്ച് അവിയല്‍ പായസം ഒരുക്കിയ കൊടകര ബ്ലോക്കിലെ ഷേര്‍ളി ഷാജുവിനാണ് മൂന്നാം സ്ഥാനം.  ജില്ലയിലെ പതിനാറ് ബ്ലോക്കില്‍ നിന്നുമുള്ള  വനിതകളാണ്  മത്സരത്തിനെത്തിയത്. രണ്ടു മണിക്കൂറായിരുന്നു മത്സരത്തിന്റെ സമയദൈര്‍ഘ്യം. ഒന്നര മണിക്കൂറില്‍  മിക്കവരും പായസം  തയ്യാറാക്കി കഴിഞ്ഞു. പ്രൊഡക്ഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍  പി ശ്യാം, ഫുഡ് സേഫ്റ്റി ഓഫീസര്‍ അരുണ്‍,  കെടിഡിസി ഷെഫ് വി മനോജ്,  ഐഫ്രം  ഫാക്കല്‍റ്റി  എന്നിവരടങ്ങിയ സംഘമാണ് വിധി നിര്‍ണയം നടത്തിയത്.

ഇരുമെയ്യാണെങ്കിലും നമ്മളൊന്നല്ലേ കരളേ....



'ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാനാവില്ല. ഞങ്ങള് രണ്ട് ശരീരവും ഒരാത്മാവുമാണ് ' എന്നൊക്കെ മനുഷ്യര്‍ പറയുന്ന ഡയലോഗ് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് രണ്ട് ചക്കകള്‍. എന്റെ കേരളം പ്രദര്‍ശന മേളയിലെ കാര്‍ഷിക വികസന വകുപ്പിന്റെ പവലിയനിലെത്തുന്നവര്‍ക്ക് കൗതുകമാവുകയാണ് ഈ ഇരട്ടച്ചക്കകള്‍. കൊടകര ആക്ലിപ്പറമ്പില്‍ രവിയുടെ വീട്ടിലെ ചക്കകളാണ് കാണികളെ ആകര്‍ഷിക്കും വിധത്തില്‍ പവലിയനില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കാഴ്ചക്കാരെ പ്രണയിക്കാന്‍ തോന്നിപ്പിക്കുന്ന വിധത്തില്‍ 'ഇരുമെയ്യാണെങ്കിലും നമ്മളൊന്നല്ലേ കരളേ' എന്ന മനോഹരമായ ടാഗ്‌ലൈനും ഇരട്ടച്ചക്കകള്‍ക്ക് കാര്‍ഷിക വകുപ്പ് നല്‍കിയിട്ടുണ്ട്. നല്ല മുട്ടന്‍വരിക്കച്ചക്കകളും വരികച്ചക്കകളും  മധുരമൂറും മാമ്പഴങ്ങളും ഉണ്ടെങ്കിലെന്താ നിനക്ക് ഞാനും എനിക്ക് നീയും ഇല്ലേയെന്ന് അവര്‍ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ശ്രദ്ധിക്കുന്നവരുടെ നറുപുഞ്ചിരിനിരിഞ്ഞ  ആശംസകള്‍ ഏറ്റുവാങ്ങിയും കാണാതെ പോകുന്നവര്‍ക്ക് അടുത്ത വരവിലെങ്കിലും ഞങ്ങളെ കാണാന്‍ കഴിയട്ടെയെന്ന്  സ്വയം ആശ്വസിച്ചു മേളയിലെ അടുത്ത വിരുന്നുകാര്‍ക്കായി കാത്തിരിക്കുകയാണവര്‍. 

കൊടകര ആക്ലിപറമ്പില്‍ രവിയുടെ പറമ്പില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്ലാവ് കായിക്കുന്നത് ഇരട്ടയായിട്ടാണ്. നാടന്‍ ഇനത്തില്‍പ്പെട്ട പ്ലാവില്‍ ഉണ്ടാകുന്ന ഇരട്ടചക്കകള്‍ക്ക് ഒരു കേടുപോലും ഉണ്ടാകാറില്ല. മുപ്പതുവര്‍ഷത്തെ കാര്‍ഷിക ജീവിതത്തില്‍ ഇരട്ടചക്കകള്‍ കായ്ച്ചുനില്‍ക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരു പ്ലാവ് മുഴുവനും ഇരട്ടച്ചക്കകളാല്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതാദ്യമായാണെന്ന് ജൈവ കര്‍ഷകനായ രവി പറയുന്നു.

മണ്ണിനെ അറിയാൻ ഒരു " തൃശൂർ മോഡൽ"



മണ്ണറിഞ്ഞ് വിളവെടുത്താൽ നൂറുമേനി കൊയ്യാം. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സോയിൽ സർവ്വേ വിഭാഗം ഒരുക്കിയ സ്റ്റാളാണ് മണ്ണിനങ്ങളുടെ പ്രത്യേകതകൾ പറയുന്നത്. സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളുടെ സാമ്പിളുകളും തൃശൂർ ജില്ലാ മാതൃകയിൽ മണ്ണടിസ്ഥാനത്തിൽ തയ്യാറാക്കിയ മോഡലും സ്റ്റാളിന്റെ ആകർഷണമാണ്. ഉത്തരതീര പ്രദേശങ്ങൾ, കോൾ നിലങ്ങൾ, പൊക്കാളി നിലങ്ങൾ, ഉത്തര മധ്യ ചെങ്കൽ പ്രദേശങ്ങൾ, ഉത്തര മലനിരകൾ, ദക്ഷിണ മലനിരകൾ എന്നിങ്ങനെ തരംതിരിച്ച് ജില്ലാ മാതൃകയിലാണ് മണ്ണിനങ്ങളെ പരിചയപ്പെടുത്തുന്നത്. വനമണ്ണ്, ചെമ്മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകൽ മണ്ണ്, എക്കൽ മണ്ണ്, കോൾനിലമണ്ണ്, കരിമണൽ, തീരദേശമണ്ണ് തുടങ്ങി സംസ്ഥാനത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങളുടെ വിവരങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മണ്ണ് പരിശോധിക്കാനുള്ള അവസരവും  സ്റ്റാളിൽ ലഭ്യമാണ്. മണ്ണ് പരിശോധിക്കാൻ താല്പര്യമുള്ളവർ സ്റ്റാളിലുള്ള ഫോം പൂരിപ്പിച്ച് സാമ്പിൾ മണ്ണുമായി മണ്ണ് പരിശോധന ലാബിൽ എത്തിയാൽ  മതി. മണ്ണിൻ്റെ അടിസ്ഥാന ഘടകങ്ങൾ നോക്കുന്നതിന് 75 രൂപയും സൂക്ഷ്മ മൂലകങ്ങൾ നോക്കുന്നതിന് 320 രൂപയുമാണ് വകുപ്പ് ഈടാക്കുന്നത്. മണ്ണ് പരിശോധനയ്ക്ക് ശേഷം മണ്ണ് പരിരക്ഷ കാർഡുകളും ലഭിക്കും. ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കിയ  മണ്ണിനങ്ങളുടെ ഡിജിറ്റൽ രൂപരേഖയും വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്.

വടക്കുന്നാഥന് മുന്നില്‍ ഒരു 'ലൈവ്' ശിവശില്‍പം



വടക്കുംനാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ ലൈവായി വടക്കുംനാഥന്റെ ശില്‍പ്പമൊരുക്കി താരമാവുകയാണ് ചെറുവത്തേരി സ്വദേശിയായ സലീഷ് ശങ്കരന്‍ ആചാരി. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശില്പം നാല്‍പത്തഞ്ചുകാരനായ സലീഷ് ശങ്കരന്‍ ലൈവായി നിര്‍മ്മിക്കുന്നത്. രണ്ടര വര്‍ഷമായി സലീഷ് ശൈവശില്‍പത്തിന്റെ പണിപ്പുരയിലാണ്. ശില്‍പനിര്‍മ്മിതിയുടെ യഥാര്‍ത്ഥകാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് സലീഷിന്റെ ഈ ഉദ്യമത്തിനു പിന്നിലുള്ള ലക്ഷ്യം. 

മദിരാശി മരത്തിലാണ് ശില്‍പം ഒരുക്കുന്നത്. വലിയ പീഠത്തില്‍ കാളപ്പുറത്തിരിക്കുന്ന ശിവന്റെ രൂപം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ശിവന്റെ പ്രഭാമണ്ഡലമാണ് ശില്‍പ്പത്തിന്റെ പ്രധാന ആകര്‍ഷണം. മേള പൂര്‍ത്തിയാകുന്നതോടെ മിനുക്കുപണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ശില്‍പകലയോടുള്ള താത്പര്യം മൂലം മറ്റു ജോലികള്‍ ഒഴിവാക്കി പൂര്‍ണമായും കലയ്ക്ക് വേണ്ടി ജീവിക്കുകയാണ് ഈ ശില്‍പി. ശില്‍പ്പകല പഠിച്ചിട്ടില്ലെങ്കിലും കലയോടുള്ള ആത്മാര്‍ത്ഥത സലീഷിന്റെ ശില്‍പ്പങ്ങൾക്ക് ചാരുത വര്‍ധിപ്പിക്കുന്നു. സലീഷിന്റെ ഇഷ്ടദേവതയാണ് പരമശിവന്‍. മരത്തിലാണ് കൂടുതലായും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്. വലിയ ശില്‍പ്പങ്ങളോടാണ് താല്പര്യം. പ്ലാവിന്റെ ഒറ്റത്തടിവേരില്‍ ഗരുഡന്‍, സര്‍പ്പം, മത്സ്യം, മാന്‍, കാള, കുതിര, അരയന്നം തുടങ്ങി എട്ടു രൂപങ്ങളെ കൊത്തിയെടുത്ത ശില്പം മനോഹരകാഴ്ചയാണ്. മരത്തില്‍ നിര്‍മ്മിച്ച സിങ്കപ്പൂര്‍ മെര്‍ലയണ്‍, ദീപം തുടങ്ങി മറ്റു ശില്പങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു. 

ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവെലപ്പ്‌മെന്റ് കോര്‍പറേഷനില്‍ ആര്‍ട്ടിസാന്‍ ആണ് സലീഷ്. വിവിധ കലാപ്രദര്‍ശനങ്ങളിലേയ്ക്ക് ക്ഷണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ശില്പം പൂര്‍ത്തിയാക്കാനുള്ള ഉദ്യമത്തിലാണ് സലീഷ്.