ഗവ.ഡെന്റൽ കോളേജ് ഓർത്തോഡോൺടിക്സ് വിഭാഗം ഗോൾഡൺ ജൂബിലി നിറവിൽ

post


തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജ് ഓർത്തോഡോൺടിക്സ് വിഭാഗത്തിന്റെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഗോൾഡൺ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രാജ്യത്ത് തന്നെ മൂന്നാമത് സ്ഥാപിതമായ ഡെന്റൽ കോളേജാണ് തിരുവനന്തപുരത്തേത്. ദിനംപ്രതി നാൽപതിനായിരത്തോളം ആളുകൾ വന്നുപോകുന്ന സ്ഥാപനമാണ് ഇത്. ഗവേഷണ, അധ്യാപക,ചികിത്സ മികവിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ ഡെന്റൽ കോളേജിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.


ഇനിയും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ ഡെന്റൽ കോളേജിനും ഓർത്തോഡോൺടിക്സ് വിഭാഗത്തിനും കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.

1972ൽ ഓർത്തോഡോൺടിക്സ് വിഭാഗം പ്രവർത്തനമാരംഭിച്ച കാലം മുതൽ വിഭാഗത്തിന്റെ യശ്ശസുയർത്താൻ പ്രയത്നിച്ച ഉന്നത അധ്യാപകരെ വിസ്മരിക്കാനാകില്ലെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കിഫ്ബി സഹായത്തോടെ 715 കോടിയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. അഞ്ച് ഘട്ടങ്ങൾ നീണ്ട ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ തിരുവനന്തപുരം ഡെന്റൽ കോളേജ് ലോകനിലവാരത്തിലെത്തുമെന്ന് എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.റംല ബീവി മുൻകാല വകുപ്പ് മേധാവികളെ ആദരിച്ചു.