ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം

post


ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച 'നാമ്പ്' കാലാവസ്ഥാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളാകാൻ പുതുതലമുറയിലെ കുട്ടികൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇതു മറികടക്കാൻ ശാസ്ത്രീയമായ പ്രകൃതി സംരക്ഷണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാലാവസ്ഥയിൽ അപകടകരമായ വ്യതിയാനം സംഭവിക്കുന്നത് മനുഷ്യജീവിതത്തിനു ഹിതകരമല്ലെന്നു ചടങ്ങിൽ പങ്കെടുത്ത റവന്യൂ മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടി. പ്രകൃതി സംരക്ഷണം ലോകത്തെല്ലായിടത്തും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണെന്നും അതിനായി മികച്ച ആശയങ്ങളുടെ ആഗോളതല കൈമാറ്റം ഉണ്ടാവണമെന്നും യുണിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ പറഞ്ഞു.

നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ് കവിത ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് വിദ്യാർഥികളും യുവാക്കളും അസംബ്ലിയിൽ പങ്കെടുത്തു.

വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. നിയമസഭാ പരിസ്ഥിതി സമിതി അധ്യക്ഷൻ ഇ.കെ. വിജയൻ എം.എൽ.എ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ മുൻ സെക്രട്ടറി ഡോ. എം. രാജീവൻ, ദുരന്ത നിവാരണ കമ്മീഷണർ ഡോ. എ. കൗശിഗൻ, കേരള യൂത്ത് ലീഡര്ഷിപ് അക്കാദമി ഡയറക്ടർ ജെറോമിക് ജോർജ്, കേരള, തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു, കെ - ലാംപ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു.