440 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി: മുഖ്യമന്ത്രി

post

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ 440 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗെയിംസ് ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് എല്‍.ഡി.സി. തസ്തികയില്‍ ഉടന്‍ നിയമനം നല്‍കും. നേരത്തെ ടീം ഇനത്തില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് മാത്രമായിരുന്നു നിയമനം. കേരളത്തില്‍ നടന്ന 35-ാമത് ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടുന്നവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ സര്‍ക്കാരാണ് പറഞ്ഞത്. എന്നാല്‍ ഇത് നടപ്പായില്ല. എന്നാല്‍ വിഷയം ഈ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചു. അങ്ങനെയാണ് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് എല്‍.ഡി.സി. നിയമനം നല്‍കാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് കൂടി ജോലി നല്‍കുന്നതോടെ ഈ സര്‍ക്കാര്‍ 523 താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കിയെന്ന റെക്കോഡ് നേട്ടത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2010-14 വര്‍ഷങ്ങളിലെ മുടങ്ങിക്കിടന്ന സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമാണ് ഒന്നിച്ചുനടത്തിയത്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷം 110 നിയമനം മാത്രമാണ് നടന്നത്. കേരളത്തിന്റെ സന്തോഷ് ട്രോഫി നേടിയ ടീമിലെ 11 കളിക്കാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും 58 താരങ്ങള്‍ക്ക് കേരള പോലീസിലും ഈ മാസം നിയമനം നല്‍കിയിട്ടുണ്ട്. കളി മികവില്‍ നാടിന് പേരും പെരുമയും ഉയര്‍ത്തിയ കായിക താരങ്ങള്‍ക്ക് പലപ്പോഴും അംഗീകാരം അപ്രാപ്യമായിരുന്നു. ഈ സ്ഥിതിയാണ് സര്‍ക്കാര്‍ തിരുത്തിയത്. ദുരിതത്തിലായ മുന്‍കാല താരങ്ങള്‍ക്കും ഈ സര്‍ക്കാര്‍ കൈത്താങ്ങായി. ഇത്തരത്തിലുള്ള കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നടപടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ പി. യു. ചിത്ര, വിസ്മയ എന്നിവര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ജോലിയില്‍ പ്രവേശിക്കുന്ന കായിക താരങ്ങളുടെ കഴിവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്‌ലറ്റിക്‌സ് താരം എം. ഡി. താരയ്ക്ക് ആദ്യ ഉത്തരവ് മുഖ്യമന്ത്രി കൈമാറി. 

കായിക മന്ത്രി ഇ. പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.