മണ്ണറിഞ്ഞ് വിത്തിട്ട് മടി നിറയെ കൊയ്ത് കക്കീല്‍ ദാമോദരന്‍

post

മണ്ണിന്റെ മനമറിഞ്ഞ് വിത്തിട്ടാല്‍ മടി നിറയെ കിട്ടുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ചെറുതാഴം കോടിത്തായലിലെ സമ്മിശ്ര കര്‍ഷകനായ കക്കീല്‍ ദാമോദരന്‍. ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉത്പാദനച്ചെലവ് കുറച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിച്ച മാതൃകാ കര്‍ഷകനാണ് ഇദ്ദേഹം. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നെല്ലുത്പാദനം ഹെക്ടറിന് മൂന്ന് ടണ്‍ ലഭിച്ചിരുന്നത് എട്ട് ടണ്‍ ആക്കി ഉയര്‍ത്താന്‍ ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കാവശ്യമായ വിത്തുകള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രവുമായി ചേര്‍ന്ന് പങ്കാളിത്ത കൃഷിയാണ് നടപ്പാക്കുന്നത്. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ പ്ലാറ്റ്ഫോം കൂടിയാണ് ദാമോദരന്റെ കൃഷിയിടം. മനുരത്ന, മഹാമായ, അക്ഷയ, പൗര്‍ണമി തുടങ്ങിയ വിത്തുകള്‍ ഏറ്റവും മികച്ച രീതിയിലാണ് ഇവിടെ വിളയിച്ചെടുക്കുന്നത്

2012 -13 വര്‍ഷത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിച്ച കര്‍ഷകനായിരുന്നു കൈക്കീല്‍ ദാമോദരന്‍. ഇദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന കര്‍ഷകര്‍ക്കും മികച്ച വിളവ് ലഭിച്ചു. വെറും നാലോ അഞ്ചോ മാസം കൊണ്ട് ഉത്പാദനച്ചെലവിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാവുന്ന വിളയാണ് നെല്ലെന്ന് ഇദ്ദേഹം പറയുന്നു.

തെങ്ങും വാഴയും പച്ചക്കറിയും പാഷന്‍ ഫ്രൂട്ടും കിഴങ്ങുവര്‍ഗങ്ങളും ആടും പശുവും കോഴിയും തുടങ്ങി ഒട്ടുമിക്ക കൃഷികളും ഇദ്ദേഹം ചെയ്യുന്നുണ്ട്. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഇദ്ദേഹം

12 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്നത് മുതലാണ് കൃഷിയില്‍ സജീവമായത്. 15 വര്‍ഷമായി കാര്‍ഷികരംഗത്തുണ്ട്. അനുഭവങ്ങളെ പാഠങ്ങളാക്കിയ വിജയകഥകളാണ് ഇദ്ദേഹത്തിന്റേത്.

2019-20 മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ആട് വളര്‍ത്തല്‍ ഇന്ന് വലിയ വിജയമാണ്. അമ്പതോളം ആടുകള്‍ ഇന്ന് ഇവിടെയുണ്ട്. ബീറ്റല്‍, മലബാറി, സങ്കരയിനങ്ങള്‍ ആരോഗ്യത്തോടെ വളരുന്നു. രണ്ട് വയസ്സുള്ള പഞ്ചാബുകാരന്‍ ബീറ്റലിന് ഒരു ക്വിന്റലോളം തൂക്കം വരും. അമ്പത് സെന്റില്‍ തെങ്ങ്, മുപ്പത് സെന്റില്‍ വാഴ, എന്നിവയുമുണ്ട്.

കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രം, എന്നിവയുടെ നിറഞ്ഞ പ്രോത്സാഹനം ഇദ്ദേഹത്തിനുണ്ട്. കാര്‍ഷികരംഗത്തെ യന്ത്രവത്കരണം, ഏറ്റവും പുതിയ സാങ്കേതിക രീതികള്‍ എന്നിവ പരീക്ഷിച്ച് വിജയം കണ്ട ഇദ്ദേഹം തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നുമുണ്ട്. മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ്, വിളവറിഞ്ഞ് കൃഷി ചെയ്യുന്നതാണ് കര്‍ഷകന്റെ വിജയം. പ്രകൃതിക്ഷോഭങ്ങള്‍ക്കും വന്യജീവികള്‍ക്കുമല്ലാതെ മറ്റൊന്നിനും കൃഷിയെ തകര്‍ക്കാനാവില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ആത്മ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഭാര്യ ദാക്ഷായണിയാണ് എല്ലാ പരീക്ഷണങ്ങള്‍ക്കും കൂട്ട്.