ഇക്കോ സെൻസിറ്റീവ് സോൺ: ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി- മുഖ്യമന്ത്രി

post


ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റി അവർക്ക് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


2011 ലാണ് ഇകോ-സെൻസിറ്റീവ് സോൺ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള 10 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഈ നിയന്ത്രണം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ 10 കിലോമീറ്ററിൽ കൂടുതൽ ആകാമെന്നും പറയുന്നുണ്ട്.


2013-ലെ സംസ്ഥാന സർക്കാർ വയനാട്ടിൽ 88.210 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്തെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് സമർപ്പിച്ചത്. 2020-ൽ ഇതേ അളവിലുള്ള വനപ്രദേശമാണ് ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരും ശിപാർശ ചെയ്തിട്ടുള്ളത്. 0 മുതൽ 1 കിലോമീറ്റർ വരെ പരിധി ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെൻസിറ്റീവ് സോൺ പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.


ഇക്കാര്യത്തിൽ 03.06.2022 ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ നിർദ്ദേശം സമർപ്പിച്ചില്ലായിരുന്നുവെങ്കിൽ 2011 ൽ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ സംസ്ഥാനത്ത് ബാധകമാകുമായിരുന്നു. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാനുള്ള സാധ്യത ഉൾപ്പെടെ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയാണ്. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുള്ള ബന്ധപ്പെടലും നടക്കുകയാണ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും. അവർക്ക് സംരക്ഷണം നൽകും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുക എന്നതു തന്നെയാണ്. അത് 2020 ൽ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും ആ നടപടികൾ തുടർന്നുകൊണ്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.