അസാപ് കേരളയ്ക്ക് ഇരട്ട അംഗീകാരം

post

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളക്ക് ദേശീയ തലത്തില്‍ ഇരട്ട അംഗീകാരം ലഭിച്ചു. ഒരേ സമയം അവാര്‍ഡിങ് ബോഡി ആയും അസ്സസ്മെന്റ് ഏജന്‍സി ആയും ആണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര തൊഴില്‍ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള NCVET ആണ് അംഗീകാരം നല്‍കിയത്.

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന രംഗത്ത് ഗുണ നിലവാരം ഉറപ്പ് വരുത്തുന്ന റെഗുലേറ്ററി ബോഡി ആണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET). രാജ്യത്തെ മുഴുവന്‍ തൊഴിലധിഷ്ഠിത കോഴ്സുകളും എന്‍.എസ്.ക്യു.എഫ് നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ സ്‌കില്‍ ഇക്കോ-സിസ്റ്റം സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് അസാപ് വഹിക്കുക.

ഇത് സംബന്ധിച്ച ധാരണപാത്രം എന്‍.സി.വി.ഇ.ടി ചെയര്‍പേഴ്സണ്‍ ഡോ. നിര്‍മല്‍ ജീത്ത് സിംഗ് ഖല്‍സിയും അസാപ് കേരള സി.എം.ഡി ഡോ. ഉഷാ ടൈറ്റസും ഒപ്പ് വെച്ചു. കേരളത്തിലെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ മികവിനും ഏകോപനത്തിനും ഇത് ഏറെ ഉപകരിക്കും.

ഇത്തരമൊരു അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക ഏജന്‍സിയാണ് അസാപ് കേരള. അസാപ് കേരളയിലൂടെയല്ലാതെ മറ്റ് ഏജന്‍സികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കു അംഗീകൃത അക്കാദമിക് ക്രെഡിറ്റുകള്‍ ലഭിക്കില്ല.