എയിംസിലൂടെ കർഷകർക്ക് സഹായം; വിതരണം ചെയ്തത് 182 കോടി രൂപ

post


*3.69 ലക്ഷത്തിലധികം കർഷകർക്ക് കൈത്താങ്ങ്


സർക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്നതിനുള്ള എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേർക്ക്. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്. സംസ്ഥാന വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തത്. aims.kerala.gov.in വഴിയാണ് കർഷകർ അഗ്രികൾച്ചറൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (എയിംസ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത്. നാൽപത് ലക്ഷത്തിലേറെ കർഷകർ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.


2020ലാണ് പോർട്ടൽ സംവിധാനം നിലവിൽ വന്നത്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനും പോർട്ടൽ വഴിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. മുൻപ് ഇതിനെല്ലാം കാലതാമസം നേരിട്ടിരുന്നെങ്കിലും പോർട്ടൽ നിലവിൽ വന്നതോടെ നടപടികൾ വേഗത്തിലും ലളിതവുമായി. കർഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ നൽകുന്നതിനും ഇതിലൂടെ സാധിക്കുന്നു.


പ്രകൃതി ക്ഷോഭം മൂലം വിളനാശമുണ്ടായ 2,29,265 കർഷകർക്ക് 155.23 കോടിരൂപയും വിള ഇൻഷുറൻസ് ഇനത്തിൽ 1724 കർഷകർക്ക് 4.48 കോടി രൂപയും പഴം പച്ചക്കറി അടിസ്ഥാന വിലയായി 10.96 കോടി രൂപയും നെൽവയൽ നിലനിർത്തുന്നതിന് ഭൂ ഉടമയ്ക്കുള്ള റോയൽറ്റി ഇനത്തിൽ 11.31 കോടി രൂപയും വെബ്സൈറ്റ് മുഖേന നൽകിക്കഴിഞ്ഞു.