പന്നി കര്‍ഷകരുടെ ആശങ്കയകറ്റും

post

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നെല്ല് സംഭരിക്കുന്ന രീതിയില്‍ പന്നി കര്‍ഷകരില്‍ നിന്നും വിലകൊടുത്ത് പന്നികളെ ഏറ്റെുടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിരക്കില്‍ പന്നികളെ മീറ്റ്‌സ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയെ കൊണ്ട് ഏറ്റെടുപ്പിക്കുന്ന സംഭരണ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പന്നികളെ ഏറ്റെടുക്കുക. കേരള ബാങ്കിന്റെയും സഹകരണ ബാങ്കുകളുടെയും അധികൃതരോടും സഹകരണ വകുപ്പുമന്ത്രിയോടും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആഫ്രിക്കന്‍ പന്നിപ്പനി രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തും പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയും പന്നിയിറച്ചിയും കേരളത്തിലേക്ക് കൊണ്ട് വരുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനിടയിലാണ് വയനാട്ടിലും കണ്ണൂരും രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിലടക്കം പിന്തുടരുന്ന മികച്ച മാതൃകയാണ് ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിനായി സ്വീകരിച്ചത്. കള്ളിംഗ് നടപടികള്‍ക്ക് ജില്ലയിലെ പന്നികര്‍ഷകര്‍, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ലഭിച്ചതായും മന്ത്രി പറഞ്ഞു.