വയനാട് ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരത്തിന് നടപടികള്‍

post


ഈ വര്‍ഷം കൂടുതല്‍ പട്ടയങ്ങള്‍ നല്‍കും


വയനാട് ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ഈ വര്‍ഷം പരിഹാരമാകുമെന്നും മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടി പട്ടയങ്ങള്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1811 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത കിടന്നിരുന്ന നരിക്കല്‍ ഭൂപ്രശ്‌നം ഉള്‍പ്പെടെ പല വിഷയങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര പരിഹാരം കണ്ടു വരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം അത് ഇരട്ടിയാക്കാനകുമെന്ന് മന്ത്രി അറിയിച്ചു.


നരിക്കലില്‍ ഒന്നര പതിറ്റാണ്ടാളോളമായി നിലനില്‍ക്കുന്ന ഭൂപ്രശ്‌നം പരിഹരിച്ച് 196 പേര്‍ക്കാണ് പട്ടയം നല്‍കാനായത്. വൈത്തിരി താലൂക്കിലെ വുഡ്‌ലാന്‍ഡ്‌സ് എസ്ചീറ്റ് ഭൂപ്രശ്‌നത്തിനും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കണ്ടുവരികയാണ്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം ഇവിടെ സര്‍വ്വെ ടീമിനെയും ടോട്ടല്‍ സ്‌റ്റേഷനും അനുവദിക്കുകയും സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. നിയമപരമായ സാധ്യതകള്‍ കൂടി പരിശോധിച്ച് 2022 ല്‍തന്നെ ഇവിടെ 300 ഓളം പേര്‍ക്ക് പട്ടയം നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ചീങ്ങേരി ആദിവാസി കോളനിയില്‍ 100 പേര്‍ക്ക് ഇതിനകം പട്ടയം നല്‍കി. ബാക്കിയുള്ള 319 പേര്‍ക്കും രണ്ട് മാസത്തിനകം പട്ടയവിതരണം നടത്താനാകും.


സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഇരുളത്തെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും ഈ വര്‍ഷം നടപടിയുണ്ടാകും. ഇവിടെ സര്‍ക്കാറുമായി ബന്ധപ്പെട്ട പരിഹരിക്കേണ്ട വിഷയങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും.

വനാവകാശ നിയമപ്രകാരം പട്ടയം അനുവദിക്കുന്നതിന് ലഭ്യമായ 230 അപേക്ഷകളിലും 2022 ല്‍ തന്നെ തീരുമാനമെടുക്കും. 1977 നു മുമ്പ് വനഭൂമി കയ്യേറിയവര്‍ക്കുള്ള നിയമപ്രകാരമുള്ള രേഖകളും അടുത്ത ഡിസംബറോടെ നല്‍കുകയാണ് ലക്ഷ്യം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട സര്‍വ്വെ ടീമിനെയും ടോട്ടല്‍ സ്‌റ്റേഷനും കളക്ടര്‍ക്ക് ലഭ്യമാക്കും.


ലാന്‍ഡ് ബോര്‍ഡ് കേസ് വഴി വയനാട് ജില്ലയിലെ പാരിസണ്‍ എസ്റ്റേറ്റില്‍ ആദ്യഘട്ടത്തില്‍ 405 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഇവ കൈവശക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികളും ഈ വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സര്‍ക്കാര്‍ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് 54,535 പട്ടയങ്ങള്‍ നല്‍കാനായത് സര്‍വകാല റിക്കാഡാണ്. കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഈ നേട്ടം കൈവരിക്കാനായത്. രണ്ടാം വര്‍ഷത്തില്‍ റവന്യൂ വകുപ്പ് ഊന്നല്‍ നല്‍കുന്നത് മലയോര- ആദിവാസി പട്ടയത്തിന് വേഗത വര്‍ധിപ്പിക്കാനാണ്. ഈ വിഭാഗത്തില്‍ അര്‍ഹരായ മുഴുവന്‍ പേരെയും കണ്ടെത്തി പട്ടയം നല്‍കുകയാണ് മിഷന്റെ ലക്ഷ്യം. വനം- പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഇതിന്റെ നേട്ടം പ്രത്യേകിച്ചും വയനാട് ജില്ലക്കാണെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ വര്‍ഷം ആരംഭിച്ച റവന്യൂ അസംബ്ലിയുടെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ മന്ത്രിയും എം.എല്‍.എമാരും അടങ്ങുന്ന ജനപ്രതിനിധികളും അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുതലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വിപുലമായ യോഗങ്ങള്‍ ഒക്ടോബര്‍ മുതല്‍ നടക്കും.