ഒരു കോടി ചെലവിൽ നവീകരണം പൂർത്തിയായി എച്ചിപ്പാറ ഗവ. ട്രൈബൽ സ്കൂൾ

post

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വകയിരുത്തിയാണ് നവീകരണം. 2016 – 17 കാലഘട്ടത്തിൽ നിർമിച്ച കെട്ടിടത്തിന് മുകളിലായി രണ്ടുനിലകളിലായാണ് പുതിയ നിർമ്മാണം. പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ്മുറികളോടുചേർത്ത് ഒരു ക്ലാസ്മുറിയും നാല് ടോയ്‌ലറ്റുകളും നിർമിച്ചു. പുതിയ ഇരുനിലകളിൽ മൂന്ന് ക്ലാസ്മുറികൾ വീതവും നാല് ടോയ്‌ലറ്റുകൾ വീതവുമാണ് നിർമ്മാണം പൂർത്തികരിച്ചത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ എച്ചിപ്പാറയിൽ ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ സമീപത്താണ് വിദ്യാലയം. 90% ൽ അധികം പേരും ന്യുനപക്ഷ ജനവിഭാഗത്തിൽപ്പെട്ട തോട്ടം തൊഴിലാളികൾ. ഈ പ്രദേശത്തെ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം യാഥാർത്ഥ്യമായിരിക്കുകയാണ്.

ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇപ്പോൾ നാല് ഓടിട്ട ക്ലാസ് മുറികളും, അഞ്ച് വാർപ്പ് ക്ലാസ് മുറികളുമാണുളളത്. കൂടാതെ അടുക്കള, ഹാൾ, നാല് ടോയ്‌ലറ്റുകൾ, യൂറിനറികൾ, സ്റ്റേജ്, അംഗനവാടി കെട്ടിടം, കിണർ, വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ കുഴൽകിണർ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

മലയോര പ്രദേശമായ എച്ചിപ്പാറയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1958-ലാണ് ഈ ട്രൈബൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 2014 -15 കാലയളവിൽ യു പി സ്കൂൾ പദവിയിലേക്ക് വിദ്യാലയം ഉയർന്നു. 2017-18 കാലഘട്ടത്തിൽ റൈറ്റ് ടു എഡ്യൂക്കേഷൻ ആക്ട് പ്രകാരം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ചു.

നിലവിൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ 107 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. അധ്യാപകരും അനധ്യാപകരുമായി 15 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 12 കിലോമീറ്ററുകൾ അകലെയാണ് മറ്റൊരു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കാട്ടിലൂടെയുളള യാത്രയായതിനാൽ സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നതിനു ഭയമാണ് മാതാപിതാക്കൾക്ക്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്താനായാൽ സ്കൂളിലേക്കുള്ള കുട്ടികളുടെ എണ്ണം വർധിക്കുമെന്ന് പ്രധാനാധ്യാപികയായ വാസന്തി പറയുന്നു. കുട്ടികളുടെ തുടർപഠനത്തിനും സൗകര്യങ്ങളുണ്ടാകണമെന്നും അവർ പറയുന്നു.