ഒരു തലമുറ തന്നെ തകരുന്ന നിലയിലേക്ക് ലഹരിയുടെ ഉപയോഗം മാറുന്നു: സ്പീക്കർ

post

ഒരു തലമുറ തന്നെ തകരുന്ന നിലയിലേക്ക് ലഹരിയുടെ ഉപയോഗം മാറിയിരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. കേരള നിയമസഭാ സ്പീക്കറായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയെന്ന യുദ്ധമുഖത്താണ് നാം നിൽക്കുന്നത്. ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്ന പരിപാടിയിൽ ഓരോ പൗരനും മുന്നണിപ്പോരാളികളാകണം. സമൂഹത്തിൽ നിയന്ത്രണാതീതമായ രീതിയിൽ ലഹരി പദാർത്ഥത്തിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. യുവതയുടെ ഊർജം കലാ-കായിക പ്രവർത്തനങ്ങളിലേക്ക് മാറ്റണം.

ആരോഗ്യത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയാൽ മാത്രമേ ലഹരിയിൽ നിന്ന് അവരെ മുക്തരാക്കാനാവൂ. കലാകായിക രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കിയാൽ ലഹരി ഉപയോഗം കുറക്കാനാകും. ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സ്പീക്കർ പറഞ്ഞു. പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പട്ടിക വർഗ്ഗ ഗ്രൂപ്പുകൾക്കുള്ള ബാൻഡ് വിതരണത്തിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു.

പായം പഞ്ചായത്തിലെ ധാരാവീസ് കോടമ്പ്ര, ആറളം പഞ്ചായത്തിലെ യംഗ്സ്റ്റാർ ചെടിക്കുളം, ഉളിക്കൽ പഞ്ചായത്തിലെ ചൈതന്യ പരിക്കുളം, എന്റെ മാട്ര, പയ്യാവൂർ പഞ്ചായത്തിലെ സർവോദയ തുടങ്ങിയ ട്രൂപ്പുകൾക്കാണ് ബാൻഡ് കൈമാറിയത്. ഇവർ ഒരുക്കിയ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് കണ്ണൂർ കലക്ട്രേറ്റ് പരിസരത്ത് നിന്നും ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് സ്പീക്കറെ സ്വീകരിച്ചാനയിച്ചത്.