ലഹരി വിരുദ്ധ സേന രൂപീകരിക്കാന്‍ റെയിന്‍ ( റാന്നി എഗന്‍സ്റ്റ് നര്‍ക്കോട്ടിക്‌സ് )

post

റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്, പോളിടെക്നിക്ക്, ഐടിഐകളില്‍ ലഹരി വിരുദ്ധ സേന രൂപീകരിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഈ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോലീസ്, എക്സൈസ്, അധ്യാപകര്‍ എന്നിവരുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കും. എസ്പിസി മാതൃകയില്‍ ലഹരിവിരുദ്ധ സേനയില്‍ അംഗങ്ങളാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പരിശീലനം നല്‍കും. ലഹരിവിരുദ്ധ സേനയില്‍ ഒരു അധ്യാപകന്‍ കോ - ഓര്‍ഡിനേറ്റര്‍ ആകും. പ്രഗത്ഭരായ വ്യക്തികളുടെ പങ്കെടുപ്പിച്ച് മണ്ഡലത്തില്‍ സ്റ്റുഡന്റ് അസംബ്ലി നടത്തി മൂന്ന് തരത്തില്‍ പരിശീലനം നല്‍കും. ലഹരിയുടെ ആദ്യ അനുഭവം ഒഴിവാക്കുന്നതിനായി ലഹരി ഉപയോഗത്തിലെ സാമൂഹ്യ മാനസിക പെരുമാറ്റ വൈകല്യം വിദ്യാര്‍ത്ഥികളില്‍ ബോധ്യപ്പെടുത്തുന്നതിനായും കാമ്പയിന്‍ സംഘടിപ്പിക്കും. ലഹരിയില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഓരോ വിദ്യാലയത്തിലും ലഹരി വിരുദ്ധ ഗ്രാമസഭകള്‍ രൂപീകരിക്കും. വിദ്യാര്‍ഥികളുടെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് വൈകാരിക പിന്തുണ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. ഇതിനായി ലഹരിയില്‍ അടിമപ്പെട്ട് പോയവര്‍ക്കും മാതാപിതാക്കള്‍ക്കും റാന്നി കേന്ദ്രീകരിച്ച് ഗൈഡ്ലൈന്‍ കേന്ദ്രം ആരംഭിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു റിസോഴ്സ് ടീമിനെ രൂപീകരിക്കും. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, ക്ലബുകള്‍ തുടങ്ങിയവരെ ചേര്‍ത്ത് ക്യാപയിന്‍ വിഭാഗം രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ആവശ്യക്കാര്‍ ഉള്ളതിനാലാണ് വിതരണം കൂടുന്നത് ഇതിനാല്‍ ആവശ്യം അവസാനിപ്പിക്കുകയാണ് പ്രധാനമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. കുട്ടികളില്‍ ലഹരി ഉപയോഗം ആരംഭിക്കുന്നത് തിരിച്ചറിഞ്ഞ് ബോധവത്ക്കരണം നടത്തണം. കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ നിന്ന് തിരിച്ച് കൊണ്ടുവരുകയും അവരുടെ കഴിവുകള്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ വിനയോഗിക്കുന്നതിനും സാധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.