തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ ശാസ്ത്രപ്രദർശനം

post

'എല്ലാദിവസവും എല്ലാ വീടുകളിലും ആയുർവേദം' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം

ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ നടക്കുന്ന ശാസ്ത്രപ്രദർശനം ഒക്ടോബർ 20ന് വൈകിട്ടു മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഒക്ടോബർ 21, 22, 23 തീയതികളിലാണ് പ്രദർശനം. ഒക്ടോബർ 23ന് വൈകുന്നേരം അഞ്ചിന് ചേരുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ തൊഴിൽമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

'എന്നും ആയുർവേദം, എന്നെന്നും ആയുർവേദം' എന്നതിന് ഊന്നൽ നൽകി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയുള്ള പ്രദർശനത്തിൽ ആയുർവേദത്തിന്റെ പൈതൃകം, ചരിത്രം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസിക ആരോഗ്യം, വയോജന ആരോഗ്യം, വീടുകളിൽ സ്ഥിരമായി ഉണ്ടാക്കി ശീലിക്കേണ്ട പത്ഥ്യാഹാരങ്ങൾ, വീടുകളിൽ പരിപാലിക്കാവുന്ന ഔഷധ സസ്യങ്ങൾ, സാംക്രമിക രോഗ വിജ്ഞാനം, സാമൂഹികാരോഗ്യം, വിശേഷ ചികിത്സാ രീതികൾ, ദേശീയ ആയുഷ് മിഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാണ് കോർത്തിണക്കിയിട്ടുള്ളത്.

രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയിലൂന്നിയ ജീവിതശൈലിക്ക് പ്രാധാന്യം നൽകുന്ന ആയുർവേദം ഇതിനായി ദിനചര്യ, ഋതുചര്യ വിധികൾ നിർദേശിക്കുന്നു. ഇത്തരം ആരോഗ്യ ശീലങ്ങൾ കുടുംബജീവിതത്തിൽ നിത്യശീലമാക്കി മാറ്റുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ആയുർവേദ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

'എല്ലാദിവസവും എല്ലാ വീടുകളിലും ആയുർവേദം' (Har din Har ghar Ayurveda) എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണത്തിന്റെ മുദ്രാവാക്യം. ലോകാരോഗ്യം കൊവിഡിന് മുമ്പും ശേഷവും എന്ന രീതിയിൽ വിഭജിയ്ക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ജീവിതശൈലിയായി ആരോഗ്യരീതികൾ സ്വാംശീകരിക്കപ്പെടണം എന്ന ആയുർവേദ സിദ്ധാന്തത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് ശാസ്ത്ര പ്രദർശനം.