പിറന്നത് പുതുചരിത്രം, ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായവർക്ക് അഭിവാദ്യങ്ങൾ: മന്ത്രി എം ബി രാജേഷ്

post

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്തി ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായ മുഴുവനാളുകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് തന്നെ ഒരു കോടിയിലധികം പേർ ശൃംഖലയുടെ ഭാഗമായി. കേരളത്തിലെ എല്ലാ വാർഡിലും വിദ്യാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു. മയക്കുമരുന്നിനെതിരെ ഇത്രയുമാളുകൾ പങ്കെടുത്ത പരിപാടി ലോകത്ത് മറ്റെങ്ങും നടന്നിട്ടില്ല. സർക്കാരും വിദ്യാർഥികളും പൊതുജനങ്ങളും മയക്കുമരുന്നിനെതിരെ കൈകോർത്തുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ഒരു മാസക്കാലമായി സംസ്ഥാനത്ത് നടന്നത്. ഈ കൂട്ടായ്മയിലൂടെ ലോകത്തിന് പുത്തൻ മാതൃകയാണ് കേരളം സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിക്ക് നേതൃത്വം നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരെയും, വിദ്യാർഥികളെയും, അധ്യാപകരെയും, ജനപ്രതിനിധികളെയും, വ്യാപാരികളെയും, വിവിധ സംഘടനാ നേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.


ഒക്ടോബർ ആറിന് ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൽ കേരളമാകെ അണിനിരക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വീടുകളിലുമെല്ലാം ലഹരി വിരുദ്ധ സന്ദേശമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. ക്യാമ്പയിൻറെ ഭാഗമായി 9337 ബോധവത്കരണ പരിപാടികൾ എക്‌സൈസ് വകുപ്പ് വിവിധ സ്ഥാപനങ്ങളിൽ നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേന്ദ്രങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ അരങ്ങേറി. മാധ്യമസമൂഹത്തിൻറെ വലിയ പിന്തുണയും ക്യാമ്പയിന് ലഭിച്ചു. മലയാള മനോരമ ദിനപത്രത്തിൻറെ കേരള പിറവി ദിനത്തിലെ ഒന്നാം പേജ് ഉൾപ്പെടെയുള്ള വിവിധ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. പ്രധാന പരിപാടികളെ കാരിക്കേച്ചറുകളിലൂടെ അവതരിപ്പിച്ച് ബോധവത്കരണം നടത്താൻ ശ്രമിച്ച മാതൃഭൂമി ദിനപത്രവും, വിദ്യാലയങ്ങളിൽ നേരിട്ട് പ്രചാരണ പരിപാടി സംഘടിപ്പിക്കാനുൾപ്പെടെ തയ്യാറായ കേരളകൗമുദിയും ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും സർക്കാരിന്റെ ക്യാമ്പയിൻറെ ഒപ്പം ചേർന്നു. വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും നിരീക്ഷണവും എൻഫോഴ്‌സ്‌മെൻറ് നടപടികൾ എക്‌സൈസും പൊലീസും ശക്തമാക്കി. ഓണം ഡ്രൈവിന് പിന്നാലെ സെപ്റ്റംബർ 16ന് എക്‌സൈസ് ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിൽ ഇതുവരെ 1250 കേസുകളിലായി 1294പേർ അറസ്റ്റിലായി. 19.12 കോടിയുടെ മയക്കുമരുന്ന് എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ 

ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി അവരെ നിരീക്ഷിച്ച് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കുന്നുണ്ട്.


മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണ് ഇന്ന് അവസാനിച്ചത്. കൂടുതൽ ശക്തമായി ഈ പ്രചാരണ പരിപാടികൾ സർക്കാർ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്നിനെതിരെയുള്ള ഈ യുദ്ധം കേരളത്തിന് ജയിച്ചേ മതിയാകൂ. കൂടുതൽ വിപുലമായ പ്രചാരണ പ്രവർത്തനവും എൻഫോഴ്‌സ്‌മെൻറ് നടപടികളുമായി സർക്കാരും എക്‌സൈസ് വകുപ്പും മുന്നോട്ടുപോകും. ലഹരിമുക്ത നവകേരള സൃഷ്ടിക്കായി എല്ലാവരുടെയും സഹകരണം തുടർന്നുമുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.