ലഹരിക്കെതിരെ മാജിക് ഷോ

post

ലഹരിയുടെ ദൂഷ്യവശങ്ങളെ ജാലവിദ്യയിലൂടെ രസകരമായി അവതരിപ്പിച്ചപ്പോൾ തോട്ടട ജിഎച്ച്എസ്എസ് വിദ്യാർഥികൾക്ക് കൗതുകമായി. കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, തോട്ടട ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിലാണ് മാജിക് ഷോ അവതരിപ്പിച്ചത്. കോഴിക്കോട് മേപ്പയ്യൂർ ജി വി എച്ച് എസ് എസ് അധ്യാപകൻ കൂടിയായ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരാണ് ജാലവിദ്യയിലൂടെ വിദ്യാർഥികളെ കൈയിലെടുത്തത്.

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരലീഗൽ വളന്റിയറായ പി സി രാഗേഷിന്റെ ഏകപാത്ര നാടകവും അരങ്ങേറി. 15 മിനിട്ട് നീളുന്ന അവതരണം ഏറെ ശ്രദ്ധേയമായി. തോട്ടട ജിഎച്ച്എസ്എസിൽ നടന്ന ക്യാമ്പയിൻ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല ലേബർ കോടതി ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ആർ എൽ ബൈജു അധ്യക്ഷത വഹിച്ചു. അസി. കലക്ടർ മിസൽ സാഗർ ഭരത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ വി രജിഷ, തോട്ടട ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക റജി വർക്കി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വിൻസി പീറ്റർ ജോസഫ്, ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ കെ വി ബാബു, സ്‌കൂൾ പിടിഎ പ്രസിഡണ്ട് വി വി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. അരോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, തോട്ടട എസ് എൻ ട്രസ്റ്റ് സ്‌കൂൾ എന്നിവിടങ്ങളിലും ക്യാമ്പയിൻ നടന്നു.


ലഹരി വിരുദ്ധ സന്ദേശവുമായി ആയിരങ്ങൾ കണ്ണിചേർന്ന മനുഷ്യച്ചങ്ങല

ജില്ലാ പഞ്ചായത്തിന്റെയും ലഹരി വിരുദ്ധ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആയിരങ്ങൾ കണ്ണിചേർന്ന ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി സിവിൽ സ്റ്റേഷൻ പരിസരത്ത് തുടങ്ങിയ മനുഷ്യച്ചങ്ങലയിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ കണ്ണികളായി.

എം പിമാരായ ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, മുൻ എം എൽ എ എം വി ജയരാജൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കലക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി. കണ്ണൂർ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥിനികളും കോളേജ് ഓഫ് കൊമേഴ്സ് വിദ്യാർഥികളും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലും മനുഷ്യച്ചങ്ങല തീർത്തു.