ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: കൊറോണ വൈറസ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയിട്ടുള്ളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയവയുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് മേല്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കണ്‍ട്രോള്‍ റൂമിലെ 0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചശേഷം 14 ദിവസം കര്‍ശനമായി വീടുകളില്‍ തന്നെ കഴിയണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണം. ഫെബ്രുവരി 10ന് ശേഷം ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യണം. 

പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ യാത്രാവിവരങ്ങള്‍ ചോദിച്ചറിയണമെന്ന് ജില്ലയിലെ ആയൂര്‍വേദ, ഹോമിയോ, അലോപ്പതി തുടങ്ങിയ എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 

പനി, ചുമ, തൊണ്ടവേദന എന്നിവയുള്ളവര്‍ ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എന്‍എച്ച്എം ഡയറക്ടറും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് കളക്ടര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.