മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നേട്ടം കർഷകരിലെത്തണം

post

വിളകളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ കർഷകർക്കും കൂടുതൽ നേട്ടം ലഭിക്കണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മയ്യിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആധുനിക റൈസ് മില്ലിന്റെയും ഗോഡൗണിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ കൃഷിഭവനിൽ നിന്നും ഒരു മൂല്യവർധിത ഉൽപ്പന്നമെങ്കിലും ഉണ്ടാക്കണം. കർഷകർക്ക് മികച്ച നിലവാരമുള്ള അന്തസ്സുള്ള ജീവിതമുണ്ടാകണം. അതിനായി സർക്കാരിന്റെ മൂല്യവർധിത കാർഷിക മിഷൻ യാഥാർഥ്യമായതായും മന്ത്രി പറഞ്ഞു. മിഷന്റെ പ്രവർത്തനങ്ങളിലൂടെ 2206 കോടി രൂപയാണ് കേരളത്തിലെ കാർഷിക മേഖലയിൽ വിനിയോഗിക്കുക. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള കേരള അഗ്രോ ബിസിനസ് കമ്പനി 2023 ജനുവരിയോടെ നിലവിൽ വരും. വിഷമില്ലാത്ത ഭക്ഷണം ഊൺമേശയിലെത്തിക്കണമെങ്കിൽ മണ്ണിലേക്കിറങ്ങാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നബാർഡ്, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായാണ് ആധുനിക സംവിധാനങ്ങളോടെ റൈസ് മില്ലും ഗോഡൗണും ആരംഭിച്ചത്. വേളം വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ ആധുനിക റൈസ് മിൽ ഡോക്യുമെന്റ് മന്ത്രിയിൽ നിന്നും മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ കെ കെ രാമചന്ദ്രൻ ഏറ്റുവാങ്ങി.