സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

post

ശബരിമലയില്‍ എത്തുന്നവര്‍ക്ക് സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സേവനം ചെയ്യുന്ന എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായി ജില്ലാഭരണകേന്ദ്രം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഇത്തവണത്തെ ശബരിമല തീര്‍ഥാടനം പൂര്‍ണനിറവിലായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. തീര്‍ഥാടനത്തിനെത്തുന്ന ഒരു വ്യക്തിക്ക് പോലും തിക്താനുഭവങ്ങളുണ്ടാകരുത്. തീര്‍ഥാടകരുടെ ബാഹുല്യം ഇക്കുറി വളരെയേറെയായിരിക്കുമെന്നത് കണക്കിലെടുത്ത് ആദ്യം മുതല്‍ക്കേ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ പല തവണ യോഗങ്ങള്‍ ചേരുകയും ഒരുക്കങ്ങള്‍ വിപുലമാക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനത്തിനായി ഒരു ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പതിനാല് സോണുകള്‍ കണ്ടെത്തി അവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണ് ശബരിമല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിയമപാലകരും ശബരിമലയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പരിശീലനപരിപാടിക്ക് ശേഷം ശബരിമലയിലേക്ക് ജോലിക്കായി പോകുന്ന ഓരോരുത്തരും ഒരേ മനോഭാവത്തോടെ പരസ്പരം ഏകതയോടെ പ്രവര്‍ത്തിക്കണം.

ഡ്യൂട്ടിക്ക് നിയോഗിക്കുന്നവര്‍ക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം. ഒരേ കാര്യത്തിന് പല അഭിപ്രായങ്ങളുണ്ടെന്ന ആശങ്കകളോ പ്രശ്നങ്ങളോ ഉയരാന്‍ പാടില്ല. സംശയനിവാരണത്തിന് ജില്ലാ ഭരണകേന്ദ്രവുമായി ഏത് സമയത്തും ബന്ധപ്പെടാം. സജീവമായ ആശയ വിനിമയം എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല, സ്‌ക്വാഡ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ പെരുമാറ്റവും ഏറെ പ്രധാനപ്പെട്ടതാണ്. കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയല്ല മറിച്ച് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഓര്‍ക്കണം. ക്രമക്കേടും നിയമലംഘനവും തടയുന്നതിനൊടൊപ്പം ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്ന ചിന്തയും വേണമെന്നും പരാതികളൊന്നുമില്ലാതെയുള്ള സുഗമവും സുഭദ്രവുമായ തീര്‍ഥാടനകാലം ഇത്തവണയുണ്ടാകട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.അടൂര്‍ ആര്‍ഡിഒ ആര്‍. തുളസീധരന്‍പിള്ള ക്ലാസുകള്‍ നയിച്ചു