റവന്യൂ ജില്ലാ കലോല്‍സവത്തിന് തുടക്കമായി

post

സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. സര്‍ഗ വാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമ്പോഴാണ് ലഹരി ഉപയോഗം പോലെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാകുന്നത്. കോവിഡിന് ശേഷം സമൂഹം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം കൂടിയാണ് ഇത്തരം വേദികള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവ് വര്‍ധിപ്പിച്ച് കൊണ്ടുവരുന്നതിനൊപ്പം സാംസ്‌കാരിക മേഖലയിലേക്ക് എത്തിക്കാനും കലോത്സവങ്ങള്‍ പര്യാപ്തമാണെന്നും എംഎല്‍എ പറഞ്ഞു.സാമൂഹിക വളര്‍ച്ചയ്ക്കൊപ്പം കലാ രംഗത്ത് മികവ് സൃഷ്ടിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളിലൂടെ ലഭിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡിന് ശേഷം കലോത്സവങ്ങളും മേളകളും നല്ല നിലയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കലോത്സവങ്ങളും കായിക മത്സരങ്ങളും ശാസ്ത്രമേളകളും വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരം ലഭ്യമാക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.കലോത്സവ ഉദ്ഘാടനം ചലച്ചിത്ര - സീരിയല്‍ താരം ആര്‍. ശ്രീലക്ഷ്മി നിര്‍വഹിച്ചു. കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ബി. നിരഞ്ജനെ മൊമന്റോ നല്‍കി എംഎല്‍എ ആദരിച്ചു

pta