കാര്‍ഷിക യന്ത്രോപകരണ അറ്റകുറ്റപ്പണി പരിശീലനം: 15 വരെ അപേക്ഷിക്കാം

post

കണ്ണൂർ: കാര്‍ഷിക രംഗത്തെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുവതീയുവാക്കള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളില്‍ വിദഗ്ദ പരിശീലനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമെങ്കിലും വാഹന അറ്റകുറ്റപ്പണികളില്‍ പരിചയമുളളവര്‍, വര്‍ക് ഷോപ്പ് ജീവനക്കാര്‍, യന്ത്രങ്ങളുടെ റിപ്പയര്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യമായി പരിശീലനം നല്‍കുക.

ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ നടപ്പിലാക്കുന്ന 10 ദിവസത്തെ പരിശീലനത്തില്‍ വിവിധ കാര്‍ഷികയന്ത്രങ്ങളെ പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനും ദൈനംദിന പരിചരണത്തിലും അറ്റകുറ്റപ്പണികളിലും വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്യും. ട്രാക്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, പമ്പ്‌സെറ്റ് എന്നിങ്ങനെയുളള കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപേക്ഷഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്/ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ കോക്കനട്ട് നഴ്‌സറി പാലയാടിലുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. ഫോണ്‍: 9383472051, 9383472050.