സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളുമായി 'ചിത്രക്കൂട്ട്'

post

തൃശ്ശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായത്തിനായി നടത്തുന്ന പുഷ്‌പോത്സവത്തില്‍ 'ചിത്രകൂട്ടി'ന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മണി ചാവക്കാട്, ജെയ്‌സണ്‍ ഗുരുവായൂര്‍, ഹുസൈന്‍ ഗുരുവായൂര്‍, സ്വരാജ് കാവീട്, ബാലചന്ദ്രന്‍ ഗുരുവായൂര്‍, സുനീതി പാലുവായ്, ശ്രീലക്ഷ്മി കോട്ടപ്പടി, രമേഷ് രാധാമണി എന്നീ ഏഴ് പേരടങ്ങുന്ന ടീമാണ് ചിത്രക്കൂട്ട് ആര്‍ട്ട് കമ്മ്യുണിറ്റി. 

പ്രകൃതിയും മനുഷ്യനും, ഗ്രാമഭംഗി, പൗരത്വം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഓയില്‍ പെയിന്റ്, അക്രിലിക്ക്, ഗ്ലാസ് പെയിന്റ് എന്നിവ ഉപയോഗിച്ച് ക്യാന്‍വാസ്, ഗ്ലാസ്, പേപ്പര്‍ മുതലായവയിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 70ല്‍ പരം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുയുണ്ടായിരുന്നു.