അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

post

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി അരൂര്‍ ഗ്രാമപഞ്ചയത്ത്. അരൂരിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി അരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അരൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ജവഹര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വ്യക്തിശുചിത്വം, കൈകള്‍ വൃത്തിയാക്കുന്ന രീതി എന്നിവയെക്കുറിച്ച് തൊഴിലാളികള്‍ക്ക് അവബോധം നല്‍കി. അരൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രൂപ എബ്രഹാം ഹിന്ദിയില്‍ ക്ലാസ്സ് നയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ബി. അലിയാര്‍ പങ്കെടുത്തു. ഫ്രഷ് ടു ഹോം കമ്പനി ഉദ്യോഗസ്ഥര്‍, അരൂരിലെ വിവിധ കമ്പനികളിലായി ജോലിചെയ്യുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് നല്‍കിയത്.  

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ നിന്നും സമീപകാലത്ത് വിദേശത്ത് പോയി തിരിച്ചെത്തിയവരുടെ വിവരശേഖരണം നടത്തുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ സഹായത്തോടെ കോവിഡ് 19 സംബന്ധിച്ച് അറിവ് നല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അയല്‍ക്കൂട്ടങ്ങളിലും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.