പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി

post

ശബരിമല: സന്നിധാനം മാലിന്യമുക്തമാക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായി പൊലീസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അരവണ പ്ലാന്റിന്റെയും ഭസ്മക്കുളത്തിന്റെയും പരിസരം, അപ്പം അരവണ ഗോഡൗണ്‍, തെക്കേ നട, വടക്കെ നട എന്നീ സ്ഥലങ്ങളാണ് ശുചീകരിച്ചത്.

മണ്ഡലകാലം ആരംഭിച്ചപ്പോള്‍ പൊലീസ് ശുചീകരണം നടത്തിയിരുന്നു. മകരവിളക്ക് മഹോത്സവകാലം തുടങ്ങിയതോടെയാണ് വീണ്ടും വൃത്തിയാക്കിയത്. ശേഖരിച്ച മാലിന്യം ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപത്തെ മാലിന്യ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ചു. 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ നടത്തിപ്പിനായി ഡി വൈ എസ് പി, എസ് ഐ, 10 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി എസ് അജിയുടെ നേതൃത്വത്തില്‍ നടന്ന പ്രവൃത്തിയില്‍ കേരള പൊലീസ്, എന്‍ ഡി ആര്‍ എഫ്, ദ്രുതകര്‍മ്മ സേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, അയ്യപ്പ സേവാസംഘം, വിശുദ്ധി സേന എന്നിവരുള്‍പ്പടെ 150 പേര്‍ പങ്കാളികളായി.