മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതൽ മേയ് 20 വരെ

post

*മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു


സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും.

നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയിരുന്നു. അന്ന് നൂറ് പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നൂറുദിന പരിപാടിയില്‍ 1,557 പദ്ധതികള്‍ നടപ്പിലാക്കി.