കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് പുതിയ ഓഫീസ് കെട്ടിടം
സ്പോര്‍ട്സ് ജീവിതചര്യയാക്കി മാറ്റണം : ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ആരോഗ്യമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് സ്പോര്‍ട്സ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍. കാസര്‍കോട് ഉദയഗിരിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍. സ്പോര്‍ട്സ് ജീവിതചര്യയുടെ ഭാഗമാക്കണം. അത് ജീവിതത്തില്‍ ചിട്ടയും ആരോഗ്യവും കൊണ്ടുവരും. സ്പോര്‍ട്സ് ജീവിതത്തിന്റെ ഭാഗമായാല്‍ ഇന്നത്തെ യുവതലമുറ നേരിടുന്ന തരത്തിലുള്ള അനാവശ്യ പ്രവണതകളിലേക്കും ചിന്തകളിലേക്കും കുട്ടികള്‍ പോകില്ല. കുട്ടികളെ കായികമേഖലയിലേക്ക് എത്തിക്കുന്നതിനു രക്ഷിതാക്കള്‍ തന്നെ മുന്‍കൈയ്യെടുക്കണം.
എല്ലാവര്‍ക്കും ഫിറ്റ്‌നെസ് എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്ന് ലക്ഷ്യത്തില്‍ ആരോഗ്യക്ഷമതാ മിഷന്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. കുട്ടികള്‍ കായികമേഖലയിലേക്ക് കടന്നു വരുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ വരണം. എല്ലാ ജില്ലകളിലും മികച്ച പരിശീലന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സ്പോര്‍ട്സ് കൗണ്‍സിലും കായിക വകുപ്പും മുന്‍തൂക്കം നല്‍കുന്നുവെന്നും അവർ പറഞ്ഞു.
നല്ല കഴിവുള്ള കുട്ടികള്‍ രാജ്യത്തിനെ പ്രതിനിധീകരിച്ച് നേട്ടങ്ങള്‍ കൊയ്യുന്നതിനുള്ള അവസരം ഒരുക്കും. അതിനായി മികച്ച സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റലുകളും അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനത്തിനുള്ള സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തും. കേവലം ഗ്രേസ് മാര്‍ക്കിനും അഡ്മിഷനും വേണ്ടി മാത്രം കായിക മേഖലയിലേക്ക് കുട്ടികള്‍ എത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാകണം കായികതാരങ്ങളുടെ ലക്ഷ്യം.
കായികമേഖലയിലുള്ള കുട്ടികള്‍ക്ക് ഒരു കുടക്കീഴില്‍ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും താമസത്തിനും സൗകര്യങ്ങള്‍ ഒരുക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരിശീലകർ സമര്‍പ്പണത്തോടെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനു തയ്യാറാകണം. നീന്തല്‍ അക്കാദമി വേണമെന്ന ആവശ്യം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു വരുന്ന നീന്തല്‍ കുളം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍ പറഞ്ഞു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭാഗമായ കാസര്‍കോട് ഉദയഗിരിയിലെ ജില്ലാ സ്പോര്‍ട്സ് അക്കാദമി കോംപ്ലക്സില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ചു നല്‍കിയ ഫണ്ട് ഉപയോഗിച്ച് ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത്. ദേശീയ തലത്തിലും കേരള സ്‌കൂള്‍ ഗെയിംസിലും നേട്ടം കൈവരിച്ച കാസര്‍കോട് ജില്ലയിലെ കായിക താരങ്ങളെ ചടങ്ങില്‍ അനുമോദിച്ചു.