റേഷന്‍കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്രസംഘം

post

വയനാട്: റേഷന്‍കടകളുടെ പ്രവര്‍ത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ പാണ്ഡെ, എ.എസ്.ഒ വിശാല്‍ ചന്ദ് ആഗ്രഹാരി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ വിവിധ റേഷന്‍കടകള്‍ സന്ദര്‍ശിച്ചത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരവും മാതൃകാപരവുമാണെന്ന് രാജേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംവിധാനങ്ങള്‍ റേഷന്‍കടകളില്‍ സജ്ജീകരിച്ചതിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു.

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി റേഷന്‍കടകളില്‍ പൊതുജന ങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാന്‍ സിറ്റി സണ്‍സ് കോമണ്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. ഗുണഭോക്താക്കളുടെ വിരലടയാള പരിശോധനാ സംവിധാനമായ ഈ പോസ് മെഷീന്‍ ഇലക്രോണിക് ത്രാസുമായി ബന്ധിപ്പി ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.