ദേശീയ ബാലികാ ദിനത്തിൽ വിവിധ പദ്ധതികൾക്ക് സാക്ഷാത്ക്കാരം

post

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു. പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ സർവൈവേഴ്‌സ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യതാ പഠന പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠന പ്രഖ്യാപനം, നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം, സിറ്റുവേഷണൽ അനാലിസിസ് ഓഫ് വിമൻ ഇൻ കേരള എന്ന വിഷയം സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം എന്നിവ കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചു.


പെൺകുട്ടികൾക്ക് വീട്ടകങ്ങളിലും സ്‌കൂളുകളിലും പൊതുയിടങ്ങളിലും തങ്ങളുടേതായ ഇടം ഉണ്ടാകണമെന്ന് ബാലികാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജെൻഡർ ഇൻക്ലൂസീവ്‌നെസ് ലക്ഷ്യമിട്ടും സ്ത്രീധനത്തിന് എതിരായും സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികൾ മന്ത്രി വിദ്യാർഥിനികളോട് വിശദീകരിച്ചു.


സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി റോസക്കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ രാഖി രവികുമാർ, സ്‌കൂൾ പ്രിൻസിപ്പൽ വി. ഗ്രീഷ്മ, പ്രധാനാധ്യാപകൻ വി രാജേഷ് ബാബു, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി തുടങ്ങിയവർ സംസാരിച്ചു.സമൂഹത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമെന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആഘോഷിക്കുന്നത്.