സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം; 'എന്റെ കേരളം' പ്രദർശനം സംഘടിപ്പിക്കും

post

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 11 മുതൽ 17 വരെ കണ്ണൂരിൽ വിപുലമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. 'എന്റെ കേരളം എക്സിബിഷൻ രണ്ടാം എഡിഷൻ' എന്ന പേരിൽ കണ്ണൂർ പൊലീസ് മൈതാനിയിൽ പ്രദർശനം സംഘടിപ്പിക്കും.

'യുവതയുടെ കേരളം: കേരളം ഒന്നാമത്'എന്നതാണ് പ്രദർശനത്തിന്റെ പ്രമേയം. വിവിധ സംരംഭങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സ്റ്റാളുകൾ, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം പവലിയൻ, കിഫ്ബി സ്റ്റാൾ, ഫുഡ് കോർട്ട്, ചർച്ചകൾ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, കുടുംബശ്രീ, കെ ടി ഡി സി, സാഫ്, സെൻട്രൽ ജയിൽ, ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയിലുണ്ടാകും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ, ആർട്ട് കൾച്ചർ, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പ്രദർശനത്തിലൂടെ അറിയാനാകും. ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശവും വിൽപ്പനയും, മാലിന്യ ലഘൂകരണ പരിപാലന മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ്, മാലിന്യ സംസ്‌കരണ മാർഗങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനും വിൽപ്പന നടത്താനുമുള്ള സ്റ്റാളുകൾ എന്നിവയുമുണ്ടാകും.