1000 സംരംഭങ്ങൾ 100 കോടി ടേൺ ഓവർ ക്ലബിലെത്തിക്കും; 'മിഷൻ 1000' പദ്ധതിക്ക് തുടക്കമായി

post

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാനത്തെ എം.എസ്.എം.ഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ 'മിഷൻ 1000'പദ്ധതിക്ക് തുടക്കമായി. ഒരു വർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായാണ് 'മിഷൻ1000' പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭക വർഷം 2.0 ഉൾപ്പെടെ നാല് പദ്ധതികൾക്കാണ് തുടക്കമായത്. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ പങ്കെടുത്തു.

തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘എം.എസ്.എം.ഇ സ്കെയിൽ അപ്പ് മിഷൻ- മിഷൻ 1000’. നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകളുള്ള എം.എസ്.എം.ഇകളെ സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സ്കെയിൽ അപ്പ് സ്കീമിനായി തെരഞ്ഞെടുക്കും. സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ടെക്നോളജി നവീകരണത്തിന് സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തും. വ്യവസായവകുപ്പിൻ്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണനയും നൽകും.

2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് 'സംരംഭക വർഷം 2.0. ബോട്ടം-അപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെ പൊതുബോധവൽക്കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാ-ലൈസൻസ്-സബ്സിഡി മേളകളും സംഘടിപ്പിക്കും. മെന്ററിങ്ങ് സിസ്റ്റത്തിൽ എല്ലാ എം.എസ്.എം.ഇകളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും. നെറ്റ് വർക്കിങ്ങ് പോർട്ടലും പുതിയ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.

കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയം ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് 'എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി'. എം.എസ്.എം.ഇകളുടെ അടച്ചുപൂട്ടൽ നിരക്ക് കുറക്കുന്നതിനും പുതിയ എം.എസ്.എം.ഇകളുടെ വിറ്റുവരവിൽ 5% വളർച്ചാ നിരക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി എം.എസ്.എം.ഇ പെർഫോമൻസ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റം കൊണ്ടുവരുന്നതിനൊപ്പം എം.എസ്.എം.ഇകൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതല നെറ്റ്വർക്കിങ്ങ് ക്ലസ്റ്ററും സൃഷ്ടിക്കും. പ്രത്യേക ഇൻസന്റീവുകളും ഈ പദ്ധതിയിലൂടെ എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കും.

നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പ്രത്യേക യൂട്യൂബ് ചാനൽ വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോകൾ ജനങ്ങളിലെത്തിക്കും. ചാനലിൻ്റെ പ്രമോഷൻ വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുകയും അതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സെൽഫീ വീഡിയോ ചാനലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. 500 സംരംഭകർ പങ്കെടുത്ത ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യം

സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. സംരംഭക വര്‍ഷം 2.0 പരിപാടിയുടെ ഭാഗമായി ആദ്യ മൂന്നു മാസങ്ങളില്‍ ആസൂത്രണവും ബോധവത്കരണവുമാണ് നടക്കുക. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം നേരത്തേ ആരംഭിച്ച സംരംഭങ്ങള്‍ക്കായി സുസ്ഥിര പദ്ധതി ആരംഭിക്കും. സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും വ്യവസായ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അനുയോജ്യമായ 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കും. ദൃഢമായ സംരംഭക ആവാസ വ്യവസ്ഥ സൃഷ്ടിക്കും. ഉത്തരവാദിത്ത നിക്ഷേപങ്ങളെയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും. പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉത്പന്നങ്ങള്‍ കേരള ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. വിദേശ വിപണി കണ്ടെത്താനുള്ള പദ്ധതികളും വ്യവസായ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ്, ഇലക്ട്രിക് വാഹനങ്ങള്‍, വിവര സാങ്കേതിക വിദ്യാ ഉത്പന്നങ്ങള്‍, ഗ്രഫീന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസിക്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ നവീന വ്യവസായങ്ങള്‍ക്ക് മികച്ച മുന്‍ഗണനയാണ് വ്യവസായ നയത്തില്‍ നല്‍കിയിട്ടുള്ളത്.

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ട് മാസത്തില്‍ പൂര്‍ത്തിയായി. മിഷന്‍ 1000 ന്റെ ഭാഗമായി ആയിരം സംരംഭളെ സുതാര്യമായി തിരത്തെടുക്കും. അവയെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി നാലു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രത്യേക സ്‌കെയില്‍ അപ് മിഷന്‍ രൂപീകരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച സംരംഭങ്ങളെയാണ് തിരഞ്ഞെടുക്കുക. 

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും വ്യാവസായിക, കാര്‍ഷിക മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രിയാത്മക നടപടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുന്നത്. കേരളത്തിന്റെ വ്യാപാര കമ്മി കുറയ്ക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സംരംഭക വര്‍ഷം പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണം മെയ്ക്ക് ഇന്‍ കേരളയ്ക്ക് വലിയ ഊര്‍ജമായി. പദ്ധതിക്കായി ആയിരം കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 100 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. 

കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതി വഴി 10000 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനാണ് ശ്രമം. ഇതുവഴി 22000 തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും 80000 തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും. 

അടിസ്ഥാന സൗകര്യ വികസനം, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം എന്നിവയിലൂടെ ഈ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമഗ്ര പിന്തുണ നല്‍കും. 

ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വ്യാവസായികരംഗം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ്, കണക്ട് കരിയര്‍ ടു ക്യാംപസ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നു.

യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും. 425 കോളേജുകളില്‍ ഇതിനായി പദ്ധതികള്‍ നടപ്പാക്കുന്നു. ഇത് എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ സ്ഥാപിക്കും. യുവാക്കളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കും. കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.